
മലപ്പുറം: സൈബർ തട്ടിപ്പുസംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ മ്യൂൾ അക്കൗണ്ടുകാർക്കായുളള പരിശോധനയിൽ മലപ്പുറത്ത് 43 പേർ പിടിയിലായി. ഇവരിൽ 36 പേർ അക്കൗണ്ട് ഉടമകളും ഏഴുപേർ തട്ടിപ്പിന്റെ ഇടനിലക്കാരുമാണ്. ഇവർക്കെതിരെ സംഘടിത കുറ്റകൃത്യം തടയൽ ഉൾപ്പെടെയുളള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായവരിൽ 37 പേരെ റിമാൻഡ് ചെയ്തു. മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്കുപിന്നിൽ കള്ളപ്പണ സംഘങ്ങൾക്ക് പങ്കുണ്ടെന്ന സൂചന ലഭിച്ചതായും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള 39 ഉപകരണങ്ങൾ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ജില്ലയിൽ 119 അക്കൗണ്ടുകളാണ് പരിശോധിച്ചതെന്നും പൊലീസ് അറിയിച്ചു. ആറ് മാസത്തിനിടെ നാഷണൽ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ അഞ്ച് പരാതികളെങ്കിലും ലഭിച്ച ഈ കാലയളവിൽ അഞ്ചുലക്ഷം രൂപയുടെ ഇടപാട് നടന്ന അക്കൗണ്ടുകളിലാണ് പരിശോധന നടത്തിയത്. ഈ അക്കൗണ്ടുകൾ വഴി ആകെ 2,10,48,800 രൂപയുടെ ഇടപാട് നടന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |