
തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാനായി ചുമതലയേറ്റ് റസൂൽ പൂക്കുട്ടി. ഗുരുതുല്യന്മാരായിട്ടുള്ളവർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സന്തോഷം തരുന്ന കാര്യമാണെന്നും ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറണമെന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിന് കാരണം അക്കാഡമി ആണെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാഡമി ചെയർമാന്റെ താൽക്കാലിക ചുമതല ഉണ്ടായിരുന്ന പ്രേംകുമാർ ചടങ്ങിൽ പങ്കെടുത്തില്ല.
കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്‌സൺ. അമൽ നീരദ്, ശ്യാം പുഷ്‌കരൻ, നിഖില വിമൽ, സിതാര കൃഷ്‌ണകുമാർ, സുധീർ കരമന, ബി രാഗേഷ് ഉൾപ്പെടെ 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് റസൂൽ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഞ്ജിത്ത് അക്കാഡമി ചെയർമാൻ സ്ഥാനം രാജിവച്ചത്.
അന്ന് വൈസ് ചെയർമാൻ ആയിരുന്ന പ്രേംകുമാറിന് പിന്നീട് ചെയർമാന്റെ താൽക്കാലിക ചുമതല നൽകുകയായിരുന്നു. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണസമിതി നിലവിൽവന്നത്. തിങ്കളാഴ്‌ച സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്. ഡിസംബറിൽ ഐഎഫ്‌എഫ്‌കെയും വരാനിരിക്കുകയാണ്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |