
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യമുക്തമാണെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടൻ മമ്മൂട്ടി. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടന്നത്.
'കേരളപ്പിറവി ദിനമായതിൽ സന്തോഷമുണ്ട്. ഇനി ദാരിദ്ര്യത്തെ അതിജീവിക്കേണ്ടതുണ്ട്. അതിനായി തോളോട് തോൾ ചേർന്ന് നമുക്ക് പ്രവർത്തിക്കാം. അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്രയം മാത്രമേ മുക്തമായിട്ടുള്ളു. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്. അതിനെ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികൾ കേരളം അതിജീവിച്ചിട്ടുണ്ട്. അത്തരത്തിൽ ദാരിദ്ര്യത്തെ അതിജീവിക്കാനും നമുക്കാകും.
എട്ടുമാസമായി ഞാൻ നാട്ടിലുണ്ടായിരുന്നില്ല. ഒരു പൊതുവേദിയിലും പങ്കെടുത്തിരുന്നില്ല. ഞാൻ ഇപ്പോൾ വരുമ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ കാണാനായി. കേരളം പലകാര്യത്തിലും മാതൃകയാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിർമിക്കുന്നതുകൊണ്ട് മാത്രം വികസിക്കുന്നില്ല. വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. അതിനായി ദാരിദ്രം പരിപൂർണമായും തുടച്ചുനീക്കപ്പെടണം. അത്തരത്തിലുള്ള സ്ഥലങ്ങൾ അപൂർവമായിട്ടേയുള്ളു. ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. ആ വിശക്കുന്ന വയറുകൾ കണ്ടുതന്നെയാണ് വികസനം യഥാർത്ഥ്യമാക്കേണ്ടത്. ഇന്നത്തെ ഈ പ്രഖ്യാപനം അതിനുള്ള മാതൃകയാകട്ടെയെന്ന് ആഗ്രഹിക്കുകയാണ്'- മമ്മൂട്ടി പറഞ്ഞു. കൂടാതെ കേരളപ്പിറവി ദിനാശംസകളും ഇന്ന് ജനിച്ചവർക്ക് ജന്മദിന ആശംസകളും നേർന്നാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |