
കൊച്ചി: ശബരിമലയിൽ സഹായി വേഷത്തിലെത്തി ഉണ്ണികൃഷ്ണൻ പോറ്റി കട്ടോണ്ടുപോയത് ശ്രീകോവിലിലെ സ്വർണ കട്ടിളപ്പടിവരെ. എന്നിട്ടും പഠിക്കുന്നില്ല. ഇത്തരം അവതാരങ്ങളെ ഇനി പടി കയറ്റാതിരിക്കാനുള്ള ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നീക്കം വെട്ടി.
മേൽശാന്തിമാർ സ്വന്തംനിലയിൽ കീഴ്ശാന്തിമാരെ കൊണ്ടുവരുന്നത് തുടരാനാണ് നീക്കം. ദേവസ്വം സെക്രട്ടറി എസ്.ബിന്ദു വെള്ളിയാഴ്ച ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോറ്റി ഇങ്ങനെ കയറിപ്പറ്റിയാണ് ശബരിമലയെ കച്ചവടമാക്കിയത്.
ഇത് ആവർത്തിക്കാതിരിക്കാൻ, ബോർഡിന്റെ അമ്പലങ്ങളിൽ നിന്ന് കീഴ്ശാന്തിക്കാരെ നിയോഗിക്കാമെന്നായിരുന്നു പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ നിർദ്ദേശം. ഇതാണ് ചവറ്റുകൊട്ടയിലിട്ടത്. വൃശ്ചികം ഒന്നു മുതൽ എത്തുന്ന സഹായികളുടെ യോഗ്യതാപത്രങ്ങളും വിശദാംശവും കിട്ടുന്ന മുറയ്‌ക്ക് സമർപ്പിക്കാമെന്നാണ് സത്യവാങ്മൂലം. ഇവരുടെ യോഗ്യതയും പൊലീസ് ക്ളിയറൻസും പരിശോധിക്കേണ്ടത് ദേവസ്വം കമ്മിഷണറാണ്.
സ്വർണക്കൊള്ളയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ശാന്തിമാരുടെ നിയമനവും യോഗ്യതാപരിശോധനയും സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് സത്യവാങ്മൂലം. സെക്രട്ടറി ബിന്ദു വിരമിച്ച വെള്ളിയാഴ്ചയാണ് സമർപ്പിച്ചത്.
അബ്രാഹ്മണരെ
ഒഴിവാക്കാൻ
പ്രസിഡന്റിന്റെ നിർദ്ദേശം നടപ്പായാൽ ദേവസ്വത്തിലെ ശാന്തിക്കാരായ അബ്രാഹ്മണരും നിയമിക്കപ്പെടാം. ഇവർ ശ്രീകോവിലിൽ കയറുന്നത് ഒഴിവാക്കാൻ കൂടിയാണ് ചില മേലാളന്മാരുടെ പ്രേരണയ്ക്ക് വഴങ്ങി ഇത്തരമൊരു സത്യവാങ്മൂലം സമർപ്പിച്ചതെന്നാണ് സൂചന. മേൽശാന്തിമാർ കൊണ്ടുവരുന്നവർക്ക് നേരത്തേ കൃത്യമായ പരിശോധന ഉണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലെ കയറിപ്പറ്റിയ പരികർമ്മിമാരിൽ പലരും പതിറ്റാണ്ടുകളായി സന്നിധാനത്ത് തുടരുന്നുണ്ട്.
ശ്രീകോവിലിൽ
24 സഹായിമാർ
മണ്ഡലകാലത്ത് മേൽശാന്തിക്ക് 24 സഹായികളെയും മാസപൂജയ്ക്ക് 18 പേരെയും നിയോഗിക്കാം
മാളികപ്പുറം മേൽശാന്തിക്ക് 9 പേരെ നിയോഗിക്കാം. 450 രൂപയാണ് ഇവർക്ക് ദിവസ പ്രതിഫലം
ചടങ്ങുകളിൽ സഹായിക്കലും നിവേദ്യംവയ്പും വിളക്കും പാത്രങ്ങൾ കഴുകലും ചുമതല
സന്നിധാനത്തെ പൂജകളിൽ ജ്ഞാനമുള്ളവരെ പുതുതായി വരുന്ന മേൽശാന്തിക്ക് നിലനിറുത്താം
പുറപ്പെടാ ശാന്തിയായതിനാൽ സേവനകാലത്ത് സഹായിയെ വയ്‌ക്കാം. മാസം 10,000 രൂപ ശമ്പളം
സെക്രട്ടറിയുടെ സത്യവാങ്മൂലത്തെക്കുറിച്ച് അറിയില്ല. നാളെ ബോർഡ് യോഗമുണ്ട്. നോക്കാം. പകുതിപ്പേരെയെങ്കിലും ദേവസ്വത്തിൽ നിന്ന് നിയമിക്കാനായിരുന്നു ആലോചന.
പി.എസ്.പ്രശാന്ത്
പ്രസിഡന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |