
ലണ്ടൻ: ബ്രിട്ടനിലെ കേംബ്രിഡ്ജ്ഷെയറിൽ ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക്.ഡോണ്‍കാസ്റ്ററില്‍ നിന്ന് ലണ്ടന്‍ കിംഗ്‌സ് ക്രോസിലേക്കുള്ള ട്രെയിനിലാണ് ഇന്നലെ വൈകുന്നേരം ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണമുണ്ടായതോടെ ട്രെയിൻ ഹണ്ടിംഗ്ഡണ്‍ സ്റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ട്രെയിൻ നിർത്തിയതോടെയാണ് കത്തിയുമായി നിന്ന പ്രതികളെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കിയത്.
ട്രെയിന്‍ നിര്‍ത്തിയതിന് പിന്നാലെ ചോരയൊലിച്ച നിലയിലാണ് പല യാത്രക്കാരും പുറത്തിറങ്ങിയതെന്ന് ഹണ്ടിംഗ്ഡണ്‍ സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരിൽ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ട്രെയിനിലുണ്ടായിരുന്ന മറ്റുയാത്രക്കാരെ ബസുകളിൽ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചു. സംഭവത്തെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് മെയിന്‍ ലൈനില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെട്ടതായി ലണ്ടന്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേ അറിയിച്ചു. അതേസമയം, ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
സംഭവം ആശങ്കാജനകമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. പൊതുജനങ്ങളോട് പ്രാദേശിക ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |