ആലപ്പുഴ: ഗോപിദാസിന് പ്രായം എൺപത്. ഇരിക്കുന്നത് ബി.എ ക്ളാസിലെ മുൻനിരയിൽ. പഠനത്തിൽ മിടുക്കൻ. ശാരീരിക ബുദ്ധിമുട്ടുകൾ പ്രശ്നമല്ല. ക്ളാസിലെത്തിയാൽ കോളേജ് കുമാരനെപ്പോലെ ഉല്ലാസവാൻ. മകൻ പത്താം ക്ളാസ് പാസാകണമെന്നത് അമ്മയുടെ ജീവിതാഭിലാഷമായിരുന്നു. അന്ന് അതിന് കഴിഞ്ഞില്ല.
ആറാം ക്ളാസിൽ പഠനം മതിയാക്കി കയർ തൊഴിലാളിയായതാണ് പുന്നപ്ര താന്നിപ്പള്ളിച്ചിറയിൽ പി.ഡി. ഗോപിദാസ്. അതിനായി അച്ഛനൊപ്പം പോകാനിറങ്ങിയപ്പോൾ അമ്മയുടെ കണ്ണിൽ പടർന്ന നനവ് ഇപ്പോഴും മനസിൽ തെളിയും. എന്നെങ്കിലും അമ്മയുടെ സ്വപ്നം സഫലമാക്കണമെന്ന് അന്നു തീരുമാനിച്ചതാണ്.
ജീവിത സായാഹ്നത്തിൽ രണ്ടും കൽപ്പിച്ചിറങ്ങി. സാക്ഷരതാമിഷന്റെ 2015ൽ ഏഴാംക്ലാസ് തുല്യതാ കോഴ്സ് പാസാകുമ്പോൾ പ്രായം 70.
2018ൽ എസ്.എസ്.എൽ.സിയും കടന്നു. വിജയത്തിൽ അനുമോദിക്കാൻ ജില്ല പഞ്ചായത്ത് വിളിച്ചുചേർത്ത സമ്മേളനമാണ് പ്ലസ്ടു മറികടക്കാനുള്ള പ്രേരണയായത്.
തലകറക്കത്തെ പമ്പകടത്തി പ്ലസ്ടു പാസായി
പ്ലസ്ടു പാസായാൽ നിയമം പഠിക്കാം. അതിന് പ്രായം തടസമല്ലെന്ന് അനുമോദന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ഷീബ രാകേഷ് പറഞ്ഞപ്പോൾ ആവേശമായി. അങ്ങനെ 2020ൽ പ്ലസ്‌വണിന് ചേർന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം പഠനം നീണ്ടുപോയി. യാത്ര ചെയ്യുമ്പോഴുള്ള തലകറക്കം കലശലായി. ഡോക്ടറെക്കണ്ട് ചികിത്സ തേടി. ഒടുവിൽ തലകറക്കത്തെ പമ്പകടത്തി പ്ലസ്ടു പാസായി. അപ്പോഴാണ് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സിന് അപേക്ഷ ക്ഷണിച്ചത്. തുടർന്ന് ഡിസ്റ്റന്റ് എഡ്യൂക്കേഷനിൽ രജിസ്റ്റർ ചെയ്ത് പഠനം ആരംഭിച്ചു. സംസ്ഥാനത്തെ ആദ്യ തുല്യത ബിരുദ കോഴ്സിലെ പ്രായംകൂടിയ വിദ്യാർത്ഥിയായതോടെ ബിരുദ തുല്യത കോഴ്സിന്റെ ബ്രാൻഡ് അംബാസഡറായി. ഭാര്യ ഇന്ദിര 12 വർഷം മുമ്പ് മരിച്ചു. സമസ്യ, അനീഷ്യ എന്നിവർ മക്കളും ബൈജു,സുധീഷ് കുമാർ എന്നിവർ മരുമക്കളുമാണ്.
'കഴിഞ്ഞ ദിവസമാണ് ബിരുദക്ലാസ് ആരംഭിച്ചത്. കേപ്പ് കോളേജ് ഒഫ് എൻജിനിയറിംഗ് മാനേജ്മെന്റ് പുന്നപ്രയിലാണ് ക്ലാസ്. വീടിനടുത്തായതുകൊണ്ട് നടന്നുപോകാം".
- ഗോപിദാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |