
ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഇന്ത്യക്കാരനായ യുവാവിനെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) തട്ടിക്കൊണ്ടു പോയി. ഒഡീഷയിലെ ജഗത്സിംഗ് ജില്ലയിലെ ആദർശ് ബെഹ്റയേ (36) ആണ് വിമതസേന തട്ടിക്കൊണ്ടു പോയത്.
ആദർശ് ബെഹ്റയെ ഖാർത്തൂമിൽ നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെയുള്ള അൽ ഫാഷിർ നഗരത്തിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 2022 മുതൽ സുഡാനിൽ സുകാരതി പ്ലാസ്റ്റിക് ഫാക്ടറി എന്ന കമ്പനിയിലാണ് ആദർശ് ബെഹ്റ ജോലി ചെയ്യുന്നത്. ഇതിനിടെ ആദർശ് ബെഹ്റ ആർഎസ്എഫ് സൈനികർക്കൊപ്പമുള്ള വീഡിയോ പുറത്ത് വന്നു. അവരിൽ ഒരാൾ നിങ്ങൾക്ക് ഷാരൂഖ് ഖാനെ അറിയുമോ എന്നും ആദർശ് ബെഹ്റയോട് ചോദിക്കുന്നുണ്ട്. നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ക്യാമറയ്ക്ക് മുന്നിൽ ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും പുറത്തുവിട്ട വീഡിയോയിലുണ്ട്.
ഇയാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. സുഡാനിലെ അധികൃതരായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാന അംബാസഡർ മുഹമ്മദ് അബ്ദുള്ള അലി എൽതോം പറഞ്ഞു. ആദർശ് ബെഹ്റ ഉടൻ സുരക്ഷിതനായി തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യത്തിൽ 13 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ച സംഘർഷത്തിന്റെ കേന്ദ്രമാണ് സുഡാന്റെ തലസ്ഥാനമായ ഖാർത്തൂം. ആർഎസ്‌എഫ് ശക്തികേന്ദ്രമായ നയാല നഗരത്തിലേക്കാവാം ആദർശ് ബെഹ്റയെ കൊണ്ടുപോയിട്ടുള്ളതെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |