
കൊച്ചി: നിർമ്മിത ബുദ്ധിയുടെ (എ.ഐ) സാദ്ധ്യതകൾ വിപുലമായതോടെ നടപ്പുവർഷം ഇതുവരെ ആഗോള ടെക്നോളജി മേഖലയിൽ 218 കമ്പനികളിലായി ഒരു ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്‌ടമായി.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ക്ളൗഡ് സേവനങ്ങൾ, ലാഭക്ഷമത എന്നിവയിലൂന്നി പ്രവർത്തനങ്ങൾ പുന:ക്രമീകരിച്ചതോടെ സിലിക്കൺ വാലി മുതൽ ബെംഗളൂരു വരെയുള്ള കമ്പനികൾ വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് ലേ ഓഫ് ഡോട്ട് എഫ്.വൈ.ഐയുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ആമസോൺ, ഇന്റൽ, ടി.സി.എസ് തുടങ്ങിയവയാണ് ജീവനക്കാരെ കുറയ്‌ക്കുന്നതിൽ മുൻനിരയിൽ.
ലോകത്തിലെ പ്രമുഖ ചിപ്പ് കമ്പനിയായ ഇന്റൽ 24,000 തസ്‌തികകളാണ് ഒഴിവാക്കിയത്. യു.എസ്, ജർമ്മനി, കോസ്‌റ്റാറിക്ക, പോളണ്ട് എന്നിവിടങ്ങളിലെ വികസന സംവിധാനങ്ങളിലാണ് കമ്പനി പുന:സംഘടന നടത്തിയത്. പ്രധാന എതിരാളികളായ എൻവിഡിയ, എ.എം.ഡി എന്നിവയുമായുള്ള മത്സരശേഷി ഉയർത്തലാണ് ഇന്റലിന്റെ ലക്ഷ്യം.
ആമസോൺ ലോകമെമ്പാടുമായി നടപ്പുവർഷം 14,000 ജീവനക്കാരെ പിരിച്ചുവിട്ടു. പ്രവർത്തന ചെലവുകൾ വെട്ടിക്കുറച്ച് എ.ഐ നിക്ഷേപം ഉയർത്തി ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റാർട്ടപ്പ് സ്ഥാപനമെന്ന നിലയിൽ മുന്നോട്ടു പോകാനാണ് ലക്ഷ്യമെന്ന് കമ്പനിയുടെ എച്ച്.ആർ, ക്ളൗഡ് യൂണിറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ആൻഡി ജെസി പറയുന്നു. മൈക്രോസോഫ്‌റ്റ് വിവിധ വിഭാഗങ്ങളിലായി 9,000 ജീവനക്കാരെയാണ് ഒഴിവാക്കിയത്.
ഇന്ത്യയിൽ ടി.സി.എസ് മുന്നിൽ
നടപ്പുവർഷം 20,000ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ട് ടാറ്റ കൺസൾട്ടൻസി സർവീസസാണ്(ടി.സി.എസ്) ഇന്ത്യയിൽ ഏറ്റവും വലിയ തൊഴിൽ പുന:സംഘടന നടത്തിയത്. വൈദഗ്ദ്ധ്യ പൊരുത്തക്കേടും എ.ഐ സാദ്ധ്യതകളുടെ ഉപയോഗവും കണക്കിലെടുത്താണ് ജീവനക്കാരെ കുറച്ചതെന്ന് കമ്പനി അവകാശപ്പെടുന്നു.
വരുന്നത് പിരിച്ചുവിടൽ കാലം
യു.പി.എസ്, ഫോർഡ്, പി.ഡ്‌ബ്‌ള്യു.സി മുതൽ ഇൻഫോസിസും എച്ച്.സി.എൽ ടെക്കും വരെയുള്ള വിവിധ കമ്പനികൾ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാനുള്ള ആലോചനയിലാണ്. ലോജിസ്‌റ്റിക്‌സ് ശൃംഖലയുടെ ഓട്ടോമേഷന്റെ ഭാഗമായി 48,000 ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് യു.പി.എസ് വ്യക്തമാക്കി.
എ.ഐ എന്ന വില്ലൻ
തുടർ സ്വഭാവമുള്ളതും ഡാറ്റ അധിഷ്‌ഠിതവുമായ തൊഴിൽ മേഖലകളിലാണ് എ.ഐ വലിയ മാറ്റങ്ങൾ സൃഷ്‌ടിക്കുന്നത്. ഓട്ടോമേഷൻ നടത്തുന്നതോടെ കസ്റ്റമർ സർവീസസ്, ഡാറ്റ എൻട്രി, നിയമ അക്കൗണ്ടിംഗ് ജോലികൾ, എഴുത്തുകുത്തുകൾ എന്നിവയ്‌ക്ക് മനുഷ്യ ഇടപെടൽ ആവശ്യമില്ലാതെ വരും. എ.ഐ പുതിയ സാദ്ധ്യതകൾ സൃഷ്‌ടിക്കുമെങ്കിലും നിലവിലുള്ള ജോലി സാദ്ധ്യതകൾ നഷ്‌ടപ്പെടുത്തുകയോ അടിസ്ഥാന വൈദഗ്ദ്ധ്യ വികസനം നിർബന്ധമാക്കുകയോ ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |