
ലണ്ടൻ: 'ഫ്ലോട്ടിംഗ് ടെറേഴ്സ്' എന്നറിയപ്പെടുന്ന 'പോർച്ചുഗീസ് മാൻ ഓ വാർ' എന്ന ജലജീവി കരയ്ക്കടിഞ്ഞതിൽ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. ജെല്ലിഫിഷുകളോട് സാമ്യതയുളള ഫോട്ടിംഗ് ടെറേഴ്സ് അതീവ അപകടകാരിയാണ്. മനുഷ്യ ശരീരത്തിൽ കുമിളകൾ, പനി, ഷോക്ക്, ശ്വസനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന വിഷം പുറപ്പെടുവിക്കാൻ ഫ്ലോട്ടിംഗ് ടെറേഴ്സിന് കഴിയും. ഇവയുടെ കുത്തേറ്റാൽ മരണം പോലും സംഭവിക്കും.
ഇവയുടെ വിഷം ഗുരുതരമായ അലർജികൾക്ക് കാരണമാകുന്നതാണ്. ചത്ത ഫ്ലോട്ടിംഗ് ടെറേഴ്സിനും വിഷം പുറപ്പെടുവിക്കാൻ കഴിയും. യുകെയിലെ വെയിൽസിലെ ബീച്ചിലാണ് ഫ്ലോട്ടിംഗ് ടെറേഴ്സ് കരയ്ക്കടിഞ്ഞത്. ബീച്ചിലെത്തുന്ന സന്ദർശകർക്ക് കോസ്റ്റ്ഗാർഡ് അടിയന്തര മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. കടൽത്തീരത്ത് നിന്ന് അപകടകാരികളായ ജീവികളെ നീക്കം ചെയ്യുമെന്ന് കോസ്റ്റ്ഗാർഡ് പറഞ്ഞു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കോസ്റ്റ്ഗാർഡ് നിർദ്ദേശിച്ചു. ചത്ത ഫ്ലോട്ടിംഗ് ടെറേഴ്സിനെ തൊടരുത്, ഇവയുടെ കുത്തേറ്റാൽ കടൽവെള്ളം ഉപയോഗിച്ച് കഴുകുക, ക്രെഡിറ്റ് കാർഡോ സമാനമായ വസ്തുവോ ഉപയോഗിച്ച് ടെന്റക്കിളുകൾ ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുക, ഉടൻ വൈദ്യസഹായം തേടുക.
ഫ്ലോട്ടിംഗ് ടെറേഴ്സ് സാധാരണയായി സമുദ്രത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കും. കടൽപ്പായലിൽ കുടുങ്ങുന്നതിലൂടെയാണ് അവ കരയിലേക്ക് എത്തുന്നത്. വിഷം നിറഞ്ഞ നെമറ്റോസിസ്റ്റുകൾ ഈ ജീവിയുടെ ശരീരത്തിൽ നിറഞ്ഞിട്ടുണ്ട്, ഇവയ്ക്ക് ചെറിയ കടൽ ജീവികളെ എളുപ്പത്തിൽ കൊല്ലാൻ കഴിയും. നാഷണൽ ജിയോഗ്രാഫികിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ ജീവിയുടെ കുത്തേറ്റ മനുഷ്യർക്ക് വേദനാജനകമായ ലക്ഷണങ്ങൾ അനുഭവപ്പെടാമെന്നും മരണത്തിനു വരെ കാരണമാകുകയും ചെയ്യും. മുമ്പ് അബെരാവോൺ ബീച്ച്, പെംബ്രോക്ക്ഷയർ, ഗ്വിനെഡ്, ആംഗ്ലെസി തീരങ്ങളിലും ഇവയെ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |