
ബസിലും ട്രെയിനിലുമൊക്കെ ഒഴിഞ്ഞ സീറ്റുകൾ കാണുമ്പോൾ സൗകര്യാർത്ഥം മാറിയിരിക്കുക പതിവായ കാര്യമാണ്. എന്നാൽ വിമാനത്തിലാണ് ഇങ്ങനെ മാറിയിരിക്കുന്നതെങ്കിൽ എന്തായിരിക്കും സംഭവിക്കുക. വിമാനം ടേക്കോഫ് ചെയ്യുന്നതിന് മുൻപ് ഒഴിഞ്ഞ സീറ്റുകളിലേക്ക് മാറുന്നത് ഒഴിവാക്കണമെന്നാണ് വിർജിൻ അറ്റ്‌ലാന്റിക്കിന്റെ മുൻ ക്യാപ്ടനും പൈലറ്റുമായ പീറ്റ് ഹച്ചിസൺ പറയുന്നത്.
ടേക്ക്ഓഫ് ചെയ്യുമ്പോഴും ലാൻഡ് ചെയ്യുമ്പോഴും യാത്രക്കാർ വിമാനത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറിയാൽ അപകടമാണെന്ന് പീറ്റ് ഹച്ചിസൺ പറയുന്നു. വിമാനം പറത്തി 40 വർഷത്തെ പരിചയമുള്ള ഹച്ചിസൺ വിമാനത്തിന്റെ ഘടനയെ ഊഞ്ഞാലിനോടും സീസോയുമായാണ് താരതമ്യം ചെയ്യുന്നത്.
വിമാനം ലോഡ് ചെയ്യുമ്പോൾ അതിന്റെ മുൻഭാഗം മുകളിലേക്കോ താഴേക്കോ അമിതമായി ഉയരാത്ത രീതിയിൽ ബാലൻസ് ചെയ്യേണ്ടതുണ്ട്. അതിനാൽ യാത്രക്കാർ അവരുടെ സീറ്റുകൾ മാറുന്നത് വിമാനത്തിന്റെ ബാലൻസിനെ സാരമായി ബാധിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു.
യാത്രക്കാർ, ബാഗേജ്, കാർഗോ എന്നിവ ഉൾപ്പെടെ കണക്കാക്കിയാണ് എയർലൈനുകൾ വിമാനത്തിന്റെ മൊത്തം ഭാരം ബാലൻസ് ചെയ്യുന്നത്. സുരക്ഷിതമായ പരിധിയിൽ ഭാരം നിലനിർത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനായി, ക്രൂ അംഗങ്ങൾ യാത്രക്കാർ, കാർഗോ, ബാഗേജ് എന്നിവയുടെ സ്ഥാനം ക്രമീകരിക്കാറുണ്ട്.
ഭാരം തുല്യമല്ലാതെ വന്നാൽ നൂറു പ്രാവശ്യം വിമാനം പറത്തി പരിചയമുള്ള പൈലറ്റിനാണെങ്കിൽ പോലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. 'നിങ്ങൾ വിമാനത്തിന്റെ കാബിനിലെ ഏത് സീറ്റിൽ ഇരിക്കുന്നു എന്നത് പ്രധാനമാണ്. ഫ്ലൈറ്റ് പുറപ്പെടുന്നതിന് മുമ്പ് നിങ്ങൾക്ക് ക്രൂവിന്റെ അനുമതിയോടെ സീറ്റ് മാറിയിരിക്കാം, പക്ഷേ ടേക്കോഫിനും ലാൻഡിംഗിനും ഇടയിൽ നിർബന്ധമായും അനുവദിച്ച സീറ്റിൽ തന്നെ ഇരിക്കണം.' പീറ്റ് വ്യക്തമാക്കി.
യാത്രക്കാർ കുറവുള്ള വിമാനങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കാരണം 80 ശതമാനത്തിൽ താഴെ മാത്രം യാത്രക്കാരുള്ളപ്പോൾ സീറ്റ് മാറ്റം വലിയൊരു സുരക്ഷാ പ്രശ്നമായി മാറിയേക്കാമെന്നും മുൻ ക്യാപ്റ്റൻ പറയുന്നു.
അതേസമയം, സീറ്റ് മാറുന്നതുമായി ബന്ധപ്പെട്ട് ഒരു എയർലൈൻ ജീവനക്കാരി തനിക്കുണ്ടായ മറ്റൊരു മോശം അനുഭവവും പങ്കുവച്ചു. യുഎസിലുള്ള ക്യാബിൻ ക്രൂ അംഗമായ യുവതിയാണ് ടിക് ടോക്കിലൂടെ സംഭവം വെളിപ്പെടുത്തിയത്. മറ്റൊരു യാത്രക്കാരിയുടെ ആവശ്യപ്രകാരം താൻ സീറ്റ് മാറിയെങ്കിലും പിന്നീട് പശ്ചാത്തപിക്കേണ്ടി വന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
യുണൈറ്റഡ് എയർലൈൻസിലാണ് യുവതി പറന്നത്. ഇതിൽ ഡ്രിങ്ക്‌സ് പോലുള്ള സാധനങ്ങൾ വാങ്ങാൻ മുൻകൂട്ടി കാർഡെടുക്കണം. യുവതി അത് ചെയ്തിരുന്നു. സീറ്റ് മാറിയതോടെ പഴയ സീറ്റിലിരിക്കുന്ന യാത്രക്കാരിക്ക് ആ സീറ്റ് വഴി തന്റെ കാർഡ് ഉപയോഗിച്ച് പണം കൊടുത്ത് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്ന് മനസ്സിലാക്കി. കാർഡ് ഉപയോഗിച്ച് പണം തട്ടാൻ ആ സ്ത്രീ ശ്രമിച്ചു എന്നല്ല. മറിച്ച് യാത്രക്കാർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമന്നാണ് യുവതി ഓർമ്മിപ്പിക്കുന്നത്.
കൂടാതെ, തന്റെ സീറ്റിലിരിക്കുന്നയാൾ വിമാനത്തിലെ നിയമങ്ങൾക്ക് വിരുദ്ധമായി ബാത്ത്റൂമിൽ പുകവലിക്കുന്നത് അടക്കമുള്ള എന്തെങ്കിലും പ്രവൃത്തി ചെയ്താൽ ആ പെരുമാറ്റം തന്റെ സീറ്റ് നമ്പറുമായി ബന്ധപ്പെടുത്തി രേഖപ്പെടുത്താനുള്ള സാദ്ധ്യതയും യുവതിയെ ആശങ്കപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |