കൽപ്പറ്റ: ശബരിമല തീർത്ഥാടകർക്കുവേണ്ടി ശ്രീ മണിയങ്കോട്ടപ്പൻ മഹാക്ഷേത്രത്തിൽ നിർമ്മിച്ച ഇടത്താവളം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. നവകേരള മിഷൻ പദ്ധതികളിലൂടെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന വികസനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് അവർക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ കൂടി സർക്കാർ ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടകർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കേണ്ടത് കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിന്റെ ഉത്തരവാദിത്തമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ടി. സിദ്ധിഖ് എം.എൽ.എ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്ന് 13.07 കോടി രൂപ ചെലവഴിച്ചാണ് മണിയങ്കോട് ക്ഷേത്രത്തിൽ ശബരിമല ഇടത്താവളം നിർമ്മിച്ചത്. രണ്ട് നിലകളിലായി വിരി ബ്ലോക്ക്, അന്നദാനം മണ്ഡപം എന്നിവയാണ് ഇടത്താവളത്തിൽ പൂർത്തിയാക്കിയത്. അഞ്ഞൂറോളം തീർത്ഥാടകർക്ക് വിശ്രമിക്കാനും ഒരേസമയം 250 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെയുണ്ട്. അഞ്ഞൂറ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഇടത്താവളം പ്രവർത്തനക്ഷമമാകുന്നതോടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകർക്ക് താമസിക്കാൻ മികച്ച സൗകര്യമാണ് ലഭ്യമാവുന്നത്. സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ വാസു, കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിനോദ്കുമാർ, നഗരസഭാ വൈസ് ചെയർപേഴ്സൺ ഒ. സരോജനി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ ശിവരാമൻ, കൗൺസിലർമാരായ എം.ബി ബാബു, കെ.കെ വത്സല, എം.കെ ഷിബു, മലബാർ ദേവസ്വം ബോർഡ് അംഗം കെ.സി രാമചന്ദ്രൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് പ്രസിഡന്റ് കമൽ കുമാർ, ദേവസ്വം കമ്മീഷണർ ടി.സി ബിജു, മുണ്ടേരി ഇസ്സത്തുദ്ദീൻ മുസ്ലിം സംഘം ഇമാം അബ്ദുൽ വാസിഅ്, കരാറുകാരായ എൻ.ബി.സി.സി കമ്പനി ജനറൽ മാനേജർ കലൈമണി, രാഷ്ട്രീയപാർട്ടി പ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |