@ ആറ് മിനിറ്റിൽ 246 അജണ്ടകൾ പാസാക്കി
കോഴിക്കോട്: ശുചീകരണ തൊഴിലാളി തസ്തികയിൽ പിൻവാതിൽ നിയമനമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ കോർപ്പറേഷൻ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി . 'സി.പി.എം ഓഫീസ് എംപ്ലോയ്മെന്റ് ഓഫീസല്ല, പിൻവാതിൽ നിയമനം അവസാനിപ്പിക്കുക' എന്നാവശ്യപ്പെട്ടുള്ള ബാനറുകളും മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം വകവെയ്ക്കാതെ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് 246 സുപ്രധാന അജണ്ടകൾ ആറ് മിനിറ്റിനകം ചർച്ചയില്ലാതെ പാസാക്കി. അജണ്ടകൾ ചർച്ചയില്ലാതെ പാസാക്കിയതിൽ പ്രതിഷേധവുമായി ബി.ജെ.പിയും രംഗത്തെത്തി.
തൊഴിലാളികൾ അവധിയാകുന്ന ദിവസങ്ങളിൽ നഗരത്തിലെ ശുചീകരണ പ്രവൃത്തികൾ മുടങ്ങാതിരിക്കാൻ ബദൽ തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ചായിരുന്ന അജണ്ട. എന്നാൽ ലിസ്റ്റ് അംഗീകരിക്കാൻ സാധിക്കില്ലെന്നും നിയമനം സി.പി.എം ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റ് പ്രകാരമാണെന്നും ആരോപിച്ചായിരുന്നു യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തിയത്. അജണ്ടയിൽ യു.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ കെ.സി ശോഭിതയും കെ. മൊയ്തീൻകോയയും വിയോജിപ്പ് രേഖപ്പെടുത്തിയതോടെ ബാനറുമായി
കോൺഗ്രസിലെ അംഗങ്ങൾ ഒന്നടങ്കം മേയറുടെ ഡയസിന് മുന്നിലെത്തി മുദ്രാവാക്യം വിളി തുടങ്ങി. ഡയസ് മറഞ്ഞ് നിൽക്കരുതെന്നും മാറി നിന്ന് പ്രതിഷേധിക്കണമെന്നും ഡെപ്യൂട്ടി മേയർ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടർന്ന പ്രതിപക്ഷ അംഗങ്ങളെ മാറ്റാൻ ഭരണപക്ഷ കൗൺസിലർമാർ ഒന്നടക്കം ഡയസിലെത്തിയത് ഉന്തിലും തള്ളിലും കലാശിച്ചു. ബഹളത്തിനൊടുവിൽ അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം പിരിച്ച് വിട്ടതായി ഡെപ്യൂട്ടി മേയർ അറിയിച്ചതോടെ ഭരണപക്ഷ കൗൺസിലർമാർ ആഹ്ലാദത്തിൽ കൂക്കി വിളിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അജണ്ടകൾ ചർച്ച ചെയ്യാതെ പാസാക്കിയതിൽ ബി.ജെ.പി കൗൺസിലർമാർ അജണ്ട കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് കോർപ്പറേഷൻ ഓഫീസിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി ഹാളിൽ തുടർന്നു.
നിയമനം സുതാര്യം : ഡെപ്യൂട്ടി മേയർ
ശുചീകരണതൊഴിലാളികളുടെ താത്കാലിക നിയമനം സുതാര്യമായാണ് നടത്തിയതെന്ന് ഡെപ്യൂട്ടിമേയർ സി.പി മുസാഫർ അഹമ്മദ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് പട്ടികവാങ്ങി ശാരീരിക ക്ഷമതാ പരിശോധനയുൾപ്പെടെ നടത്തി മാർക്കിടുകയും ഇന്റർവ്യൂ നടത്തി ബോർഡിന്റെ തീരുമാന പ്രകാരവും മാനദണ്ഡങ്ങളെല്ലാം പൂർത്തിയാക്കിയുമാണ് നിയമിക്കുന്നവരുടെ അന്തിമപട്ടിക തയാറാക്കിയതെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തെ ശുചീകരണതൊഴിലാളി നിയമനത്തിന്റെ ആദ്യഘട്ടത്തിൽ യു.ഡി.എഫ് വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ അവരെ സ്ഥിരപ്പെടുത്തുമ്പോൾ വിയോജനമില്ല. കൗൺസിലിൽ യു.ഡി.എഫ് കാണിച്ചത് രാഷ്ട്രീയ നാടകമെന്നും ഡെ.മേയർ ആരോപിച്ചു.
അജണ്ട വീണ്ടും ചർച്ച ചെയ്യണം; ബി.ജെ.പി
യു.ഡി.എഫ്-എൽ.ഡി.എഫ് ഇന്ത്യ മുന്നണി കോർപ്പറേഷൻ കൗൺസിൽ യോഗം അട്ടിമറിക്കുകയാണെന്ന് ബിജെപി. ഇരുവരും ചേർന്ന് നടത്തുന്ന നാടകത്തിന്റെ ഭാഗമായി ഇന്നലെ ചേർന്ന കൗൺസിലിൽ യോഗത്തിൽ 268 അജണ്ടകളിൽ 246 അജണ്ടകളാണ് ചർച്ചകളില്ലാതെ പാസാക്കിയത്. കണ്ടിജന്റ് ജീവനക്കാരുടെ നിയമനം സംബന്ധിച്ച 22 മത്തെ അജണ്ടയിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഒരു വീട്ടിൽ നിന്നും മൂന്നു പേർക്ക് ജോലി കിട്ടിയ അവസരം വരെ ചൂണ്ടിക്കാട്ടുകയുമുണ്ടായി. അജണ്ട അംഗീകരിക്കില്ലെന്നും അറിയിച്ച് ബി.ജെ.പി വിയോജനക്കുറിപ്പ് നൽകി. ചർച്ച കൂടാതെ പാസാക്കിയ അജണ്ടകൾ വീണ്ടും ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഡെപ്യൂട്ടി രേഖാമൂലം കത്ത് നൽകി.
സി.പി.എം ധാർഷ്ട്യം വെല്ലുവിളി : യു.ഡി.എഫ്
സി.പി.എം ധാർഷ്ട്യം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് കൗൺസിൽ യോഗം. ശുചീകരണ തൊഴിലാളികളായി 235 പേരെയാണ് നിയമിക്കാൻ തീരുമാനിച്ചത്. 85 പേർക്ക് ഉടൻ നിയമനവും 150 പേർക്ക് ബദൽ ലിസ്റ്റ് നിയമനവുമാണ്. ഇനി അധികാരത്തിൽ വരില്ലെന്ന് തിരിച്ചറിഞ്ഞാണ് 150 പ്രതീക്ഷിത ഒഴിവിലേക്കുള്ള നിയമനം. നിയമനം സി.പി.എം ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റ് പ്രകാരമാണ്. സംവരണം കാറ്റിൽ പറത്തുന്നതാണ് ലിസ്റ്റ്. തെറ്റ് ചൂണ്ടിക്കാണിക്കുന്നവർക്ക് നേരെ കൊഞ്ഞനം കുത്തുന്ന ഡെപ്യുട്ടി മേയർ ഉൾപ്പെടെയുള്ളവരുടെ സമീപനം അനുവദിക്കില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |