കരുനാഗപ്പള്ളി: അനശ്വര രചനകളിലൂടെ മലയാള സാഹിത്യരംഗത്ത് സ്ഥിരപ്രതിഷ്ഠ നേടിയ വയലാർ രാമവർമ്മയെ അനുസ്മരിച്ചുകൊണ്ട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്മൃതി സംഗമം' ശ്രദ്ധേയമായി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സംഘാടനത്തിൽ 'സർഗ്ഗ സംഗീതത്തിന്റെ അമ്പതാണ്ടുകൾ' എന്ന പേരിലാണ് ഗ്രന്ഥശാല ഹാളിൽ പരിപാടി നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ അദ്ധ്യക്ഷനായി. താലൂക്ക് കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ആമുഖപ്രഭാഷണവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം. സലിം മുഖ്യപ്രഭാഷണവും നടത്തി. പരിപാടിയുടെ മുഖ്യാകർഷണം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോനും ഗായകൻ കൊല്ലം കിഷോറും ചേർന്ന് അവതരിപ്പിച്ച 'വയലാർ പാട്ടും പറച്ചിലും' ആയിരുന്നു. ഇടപ്പള്ളികോട്ട ഹായ് ഗ്രന്ഥശാല പ്രവർത്തകർ അവതരിപ്പിച്ച വയലാർ ഗാനങ്ങളുടെ സംഗീത മാലിക, ഗ്രന്ഥശാല പ്രവർത്തകരുടെ വയലാർ കവിതാലാപനം എന്നിവയും നടന്നു. ഗ്രന്ഥശാല മുഖമാസികയായ 'ഗ്രന്ഥാലോകത്തിന്റെ' 1751-ാം വാർഷിക വരിസംഖ്യ ഡോ.പി.കെ.ഗോപൻ ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി പി.കെ.ഗോപാലകൃഷ്ണൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. പി.ബി.ശിവൻ, വിജയമ്മാലാലി, സി.രഘുനാഥ്, എം.സുരേഷ് കുമാർ, എം.ഗോപാലകൃഷ്ണപിള്ള, എ.പ്രദീപ്, സംസ്ഥാന കൗൺസിൽ അംഗം ആർ.കെ.ദീപ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |