
കണ്ണൂർ: സി.പി.എം. കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ 'ഇതാണ് എന്റെ ജീവിതം' കണ്ണൂരിലെ രണ്ട് പ്രമുഖ സി.പി.എം നേതാക്കൾക്കിടയിലെ ശീതസമരത്തിന് മറ നീക്കുന്നു. ഇ.പി. ജയരാജനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിലുള്ള അസ്വാരസ്യവും പാർട്ടി നേതൃത്വത്തോടുള്ള അമർഷവും ഇ.പി പരോക്ഷമായി പ്രകടിപ്പിക്കുന്നു. അതേ സമയം പി.ജയരാജനോടുള്ള വിയോജിപ്പ് മയപ്പെടുത്തി..
ദശാബ്ദങ്ങളായി കണ്ണൂരിന്റെ രാഷ്ട്രീയ കരുത്തിന്റെ പ്രതീകമായിരുന്ന നേതൃത്വത്തിലെ ഐക്യത്തിനാണ് വിള്ളൽ വീഴുന്നത്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പുറത്തു പറയാതിരിക്കുകയെന്ന സി.പി.എമ്മിന്റെ കർക്കശ നിലപാടിനെ വെല്ലുവിളിച്ച് ആഭ്യന്തര ചർച്ചകൾ പരസ്യമാക്കിയത് കണ്ണൂർ പാർട്ടി നേതൃത്വത്തെയും അസ്വസ്ഥരാക്കുന്നു.
പുസ്തക പ്രകാശന ചടങ്ങിൽ പി.ജയരാജന്റെയും എം.വി. ഗോവിന്ദന്റെയും അഭാവം
ശ്രദ്ധേയമായി.. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എസ്. ശ്രീധരൻപിള്ള എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്തപ്പോഴാണിത്.മൂന്നുമാസം മുമ്പ് പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്യാനെത്തിയ ഇ.പിയുടെ പുസ്തക പ്രകാശനത്തിന് പി.ജയരാജനെ ക്ഷണിച്ചില്ലെന്നത് കൗതുകകരം.
വൈദേകത്തിലെ
മൗനം
കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദമാണ് ശീതസമരത്തിന്റെ കാതൽ. സംസ്ഥാന കമ്മിറ്റി യോഗത്തിൽ സ്വകാര്യ സ്ഥാപനത്തെ സഹകരണ സ്ഥാപനത്തെപ്പോലെ സഹായിച്ചതിനെക്കുറിച്ചുള്ള പി.ജയരാജന്റെ ചോദ്യം അഴിമതി ആരോപണമായി മാദ്ധ്യമങ്ങളിൽ വന്നപ്പോൾ വിശദീകരണം നൽകാതെ നേതൃത്വം മൗനം പാലിച്ചെന്ന് ഇ.പി ആക്ഷേപിക്കുന്നുണ്ട്.ഇത് പ്രധാനമായും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ഉദ്ദേശിച്ചുള്ളതാണെന്നാണ് വ്യാഖ്യാനം.എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലും ഇ.പി അതൃപ്തി പ്രകടിപ്പിക്കുന്നു. എന്നാൽ പല പാർട്ടി രഹസ്യങ്ങളും പുറത്താക്കിയ പുസ്തകത്തെക്കുറിച്ച് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |