ഖാർത്തും: ആഭ്യന്തര യുദ്ധത്താൽ വലയുന്ന സുഡാനിൽ സാഹചര്യം അതിരൂക്ഷമായി തുടരുന്നു. സുഡാൻ സൈന്യത്തിന്റെ ശക്തികേന്ദ്രമായിരുന്ന
അൽ-ഫാഷിർ നഗരം അർദ്ധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർ.എസ്.എഫ്) പിടിച്ചെടുത്തതോടെ ജനം കൂട്ട പലായനം തുടങ്ങി.
യു.എന്നിന്റെ കണക്കനുസരിച്ച് ഇതിനോടകം 60,000ത്തിലധികം പേർ പലായനം ചെയ്തു. സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് വ്യക്തമാക്കി. പരാമാവധി സഹായമെത്തിക്കാനുള്ള തയാറെടുപ്പിലാണ് റെഡ് ക്രെസറ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ.
ആർ.എസ്.എഫ് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയും ചെയ്യുന്നു. പതിനായിരങ്ങൾ വെള്ളവും ഭക്ഷണവുമില്ലാതെ പലയിടത്തും കുടുങ്ങിക്കിടക്കുകയാണ്.
ക്രൂരത തുടരുന്നു
സൈന്യവും ആർ.എസ്.എഫും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുകയാണ്. അൽ ഫാഷിറിൽ കൊടുംക്രൂരതകളാണ് അരങ്ങേറുന്നത്. കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്നു. സ്ത്രീകളും കുട്ടികളും മാനഭംഗത്തിനിരയാകുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ചിതറിക്കിടക്കുകയാണെന്നും ആർ.എസ്.എഫുകാർ വീടുകളിൽ കയറി ആളുകളെ തെരഞ്ഞ് പിടിച്ച് കൊല്ലുകയാണെന്നും രക്ഷപ്പെട്ടവർ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊല വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. കഴിഞ്ഞ ദിവസം അൽ-ഫാഷിറിൽ പ്രവർത്തിച്ചിരുന്ന അവസാന ആശുപത്രിയായ സൗദി മറ്റേർണിറ്റി ഹോസ്പിറ്റലിൽ ഡോക്ടർമാരും രോഗികളും കൂട്ടിരിപ്പുകാരും അടക്കം 500ഓളം പേരെ കൂട്ടക്കൊല ചെയ്തു.നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ ആർ.എസ്.എഫ് തട്ടിക്കൊണ്ടുപോയി, ഇവരെ വിട്ടയക്കാൻ ഒന്നരലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇന്ത്യക്കാരനെ
തട്ടിക്കൊണ്ടുപോയി
ഇന്ത്യക്കാരനെ ആർ.എസ്.എഫ് തട്ടിക്കൊണ്ടുപോയി. ഒഡീഷ ജഗത്സിംഗ്പുർ സ്വദേശി ആദർശ് ബെഹ്റയെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ മോചനത്തിനായി അധികൃതരുമായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായും ഏകോപനം നടത്തുന്നുണ്ടെന്ന് ഇന്ത്യയിലെ സുഡാൻ അംബാസഡർ മുഹമ്മദ് അബ്ദല്ല അലി എൽതോം പറഞ്ഞു. ഇതിനിടെ ആദർശ് ആർ.എസ്.എഫ് സൈനികർക്കൊപ്പം ഇരിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. ആർ.എസ്.എഫ് സൈനികരിലൊരാൾ ആദർശ് ബെഹ്‌റയോട് ഷാരൂഖ് ഖാനെ അറിയുമോയെന്ന് ചോദിക്കുന്നുണ്ട്.ആദർശ് നിലത്ത് കൂപ്പുകൈകളോടെ ഇരിക്കുന്നതും ഒഡീഷ സർക്കാരിനോട് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |