
ന്യൂയോർക്ക്: കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനിടെയാണ് ന്യൂയോർക്ക് നഗരത്തിന്റെ അടുത്ത മേയറായി സൊഹ്റാൻ മംദാനി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരത്തിന്റെ മേയറായി ചുമതലയേൽക്കാൻ 34ാം വയസിലാണ് മംദാനി ഒരുങ്ങുന്നത്. സ്വതന്ത്രനായി മത്സരിച്ച മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരെ പിന്തള്ളിയാണ് മംദാനി വിജയം ഉറപ്പാക്കിയത്. ഇതോടെ പ്രസിഡന്റ് ട്രംപിന് കനത്ത തിരിച്ചടിയാണുണ്ടായത്. യുഎസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് രണ്ടാമത് എത്തിയതിന് പിന്നാലെയാണ് ഈ തിരച്ചടിയെന്നത് ആഘാതം കുറച്ചുകൂടെ കൂട്ടും.
മേയർ തിരഞ്ഞെടുപ്പിൽ പരാജയം മണത്തതോടെ 2026ൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് ട്രംപിന് നിർണായകമായേക്കും. അടുത്ത വർഷം നവംബർ മൂന്നിനാണ് യുഎസ് പ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും യുഎസ് സെനറ്റിൽ 100ൽ 35 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതോടൊപ്പം 39 ഇടങ്ങളിലെ ഗവർണർ തിരഞ്ഞെടുപ്പും നടക്കും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് ഫലം ട്രംപും റിപ്പബ്ലിക്ക് പാർട്ടിയും ഏറെ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഡെമോക്രാറ്റിക്കിന് പുതു പ്രതീക്ഷയും നൽകുന്നതാണ്.
അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് സൂചന നൽകുന്നതാണ് ഇപ്പോഴത്തെ ഫലങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇപ്പോൾ വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാർത്ഥികൾക്ക് അഭിനന്ദനം അറിയിച്ച് ബരാക്ക് ഒബാമ പങ്കുവച്ച കുറിപ്പിലും ഡെമോക്രാറ്റുകളുടെ തിരച്ചുവരവിന് പ്രതീക്ഷ നൽകുന്നതാണ്. ട്രംപിന്റെ രണ്ടാം പകുതിയിൽ യുഎസ് കോൺഗ്രസിനെ ആര് നിയന്ത്രിക്കുമെന്ന് വോട്ടർമാർ തീരുമാനിക്കും. തുടക്കകാലത്ത് ട്രംപ് സ്വീകരിച്ച നയങ്ങളും തീരുമാനങ്ങളുടെയും വിലയിരുത്തലാണ് ഈ ഫലമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
കമ്മ്യൂണിസ്റ്റ് ജയിച്ചു
മംദാനിയുടെ വിജയം ഏറ്റവും കൂടുതൽ തിരിച്ചടിയുണ്ടാക്കിയത് ട്രംപിനാണ്. കാരണം. പലപ്പോഴും മംദാനിയെ എതിർത്തിട്ടുള്ള ആളാണ് ട്രംപ്. മംദാനി മേയറായി വന്നാൽ, സാമൂഹികമായും സാമ്പത്തികമായും ന്യൂയോർക്ക് തകർന്നടിയുമെന്നാണ് ട്രംപ് വാദിച്ചത്. മംദാനിയെ 'കമ്യൂണിസ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ് അദ്ദേഹം ജയിച്ചാൽ നാമമാത്രമായ സഹായധനം മാത്രമേ ന്യൂയോർക്കിന് നൽകുകയുള്ളുവെന്നും പ്രഖ്യാപിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ വോട്ടർമാർ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലീവയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മംദാനിയെ മേയർ കസേരയിൽ എത്തിച്ചത്.
ഇന്ത്യയ്ക്ക് അഭിമാനം
ഇന്ത്യൻ വംശജനായ മംദാനി ഉഗാണ്ടയിൽ ജനിച്ച് ന്യൂയോർക്കിലാണ് വളർന്നത്. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻഅമേരിക്കൻ മുസ്ലീമാണ് സൊഹ്റാൻ മംദാനി. സോഷ്യലിസ്റ്റ് നേതാവായ മംദാനി ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവ് കുറച്ച് സാധാരണക്കാരുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. സർക്കാരിന്റെ സിറ്റി ബസുകളിൽ സൗജന്യ യാത്ര, ശിശു ക്ഷേമ പദ്ധതി, ഭവന പ്രതിസന്ധി പരിഹരിക്കും, കോർപ്പറേറ്റ് നികുതി നിരക്ക് ഉയർത്തും തുടങ്ങിയവയാണ് വാഗ്ദാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |