
ഒട്ടേറെ വിവാദങ്ങൾ സൃഷ്ടിച്ചതാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത 'കേരളാ സ്റ്റോറി" എന്ന ഹിന്ദി സിനിമ. കേരളപ്പിറവി ദിനത്തിൽ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലെ തന്റെ പ്രസംഗത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ ഒരു 'കേരളാ സ്റ്റോറി" എന്നാണ് വിശേഷിപ്പിച്ചത്. ഇന്നിവിടെ വീണ്ടും ഒരു 'കേരളാ സ്റ്റോറി" കൂടി എഴുതാതെ വയ്യ.
ഭാരതമെന്നു കേട്ടാൽ ചോര തിളയ്ക്കുന്ന ചില കേരളീയർക്കെങ്കിലും കേരളം എന്നു കേട്ടാൽ അത്ര അഭിമാനമൊന്നും തോന്നാറില്ലെന്നതാണ് സത്യം. മറിച്ച്, കേരളീയർ ചിലർക്കെങ്കിലും ഭാരതം എന്നു കേട്ടാൽ ചോര തിളയ്ക്കാറില്ല എന്നതും വാസ്തവം. തത്കാലം കേരളാഭിമാനത്തെക്കുറിച്ച് എഴുതാം, ഒരു കേരളപ്പിറവി ദിനം കൂടി പിന്നിട്ട പശ്ചാത്തലത്തിൽ.
കേരളീയരാകെ അഭിമാനപൂരിതരാവേണ്ട ഒരു പ്രഖ്യാപനമാണ് നവംബർ ഒന്നിന് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയത്. കേരളം അതിദാരിദ്ര്യവിമുക്തം എന്ന പ്രഖ്യാപനം രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റേണ്ട പ്രാധാന്യമുള്ളതാണ്. എന്നാൽ "ഇത് കേരളമാണ്" എന്നതുകൊണ്ട്, പതിവുപോലെ ഈ പ്രഖ്യാപനവും നമ്മുടെ സംസ്ഥാനത്ത് ചോദ്യം ചെയ്യപ്പെടുകയാണ്. അങ്ങനെ, വിവാദങ്ങളുടെ ഈ വിളനിലത്തിൽ ഇതും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.
എന്തിനെയും ഏതിനെയും എല്ലായ്പ്പോഴും ചോദ്യം ചെയ്യുന്നത് തങ്ങളുടെ ധർമ്മമായി കരുതുന്ന പ്രതിപക്ഷം ഇങ്ങനെ പ്രതികരിക്കുന്നത് സ്വാഭാവികം. പക്ഷെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തെ ചോദ്യം ചെയ്യുന്നവർക്കൊപ്പം കുറെ പ്രഖ്യാപിത ഇടതുപക്ഷ ബുദ്ധിജീവികളും അണിനിരന്നിരിക്കുന്നതാണ് ആശങ്കാവഹവും അതിലേറെ അതിശയകരവും. അല്ലെങ്കിലും, വിരോധാഭാസത്തിന്റെയും വൈരുദ്ധ്യങ്ങളുടെയും വേലിയേറ്റമാണ് കേരളത്തിൽ എന്നെന്നും.
വിവേകാനന്ദ സ്വാമികൾ "ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച കേരളത്തിൽത്തന്നെയാണ് ആദിശങ്കരനും അദ്വൈതവും, പിന്നെ ശ്രീനാരായണനും ജനിച്ചത്. അദ്വൈതാചാര്യൻ ശങ്കരന്റെ നാട് മറ്റൊരു ശങ്കരനും ജന്മം നൽകി- ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് എന്ന മാർക്സിസ്റ്റ് ആചാര്യന്. ആ ആചാര്യന്റെ നേതൃത്വത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണല്ലോ അധികാരം സായുധ വിപ്ലവത്തിലൂടെ മാത്രം എന്ന മാർക്സിന്റെ സിദ്ധാന്തം തിരുത്തിക്കുറിച്ചത്. അങ്ങനെ ആഗോളശ്രദ്ധ പിടിച്ചുപറ്റിയ കേരളം, ഒരു ജനകീയ പ്രക്ഷോഭത്തിലൂടെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ ഭരിക്കാൻ അനുവദിക്കാതെ പിരിച്ചുവിടാനും സാഹചര്യമൊരുക്കി.
കേരളത്തെ 'ഇന്ത്യയുടെ രാഷ്ട്രീയ പരീക്ഷണച്ചെപ്പ് " (India"s political crucible) എന്ന് പണ്ട് വിശേഷിപ്പിച്ചിരുന്നു. ഐക്യകക്ഷി ഭരണവും ഐക്യമുന്നണി ഭരണവും പ്രബുദ്ധ കേരളമാണ് ആദ്യം പരീക്ഷിച്ച് ഇന്ത്യയെ പഠിപ്പിച്ചത്. പാടിപ്പുകഴ്ത്തിയ ആ പ്രബുദ്ധത പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ഇരുണ്ട കാലഘട്ടത്തിൽ, അടിയന്തരാവസ്ഥയിൽ, ഇവിടെ പ്രകടമായത് പരിമിതമായി മാത്രം. അടിയന്തരാവസ്ഥയ്ക്കെതിരെ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യ വിധിയെഴുതിയപ്പോൾ, അടിയന്തരാവസ്ഥയെ പിന്താങ്ങിയ ഭരണത്തെ കേരളം വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റി.
വളരുന്തോറും പിളരുകയും പിളരുംന്തോറും വളരുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികൾ അധികാര രാഷ്ട്രീയത്തിലും ഷൂമാക്കറുടെ 'ചെറുതെത്ര മനോഹരം" എന്ന സിദ്ധാന്തം കേരളത്തിൽ അനുഭവവേദ്യമാക്കിത്തന്നു. ഒരു കക്ഷി, കൂടെയില്ലാത്തപ്പോൾ വർഗീയവും കൂടെയുള്ളപ്പോൾ സ്വർഗീയവുമായി മാറുന്ന പ്രതിഭാസവും മാറി മാറി കേരളം ഭരിക്കുന്ന മുന്നണികൾ പരിചയപ്പെടുത്തി. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും അതുകൊണ്ട് ഏത് ചെകുത്താനുമായും കൂട്ടുകൂടാമെന്നും മുന്നണികൾ നയിക്കുന്നവർ നമ്മെ പഠിപ്പിച്ചു. ഭരണവും സമരവും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകാമെന്നും കേരളീയർ അനുഭവിച്ചറിഞ്ഞു.
രാഷ്ട്രീയ രംഗത്തു മാത്രം ഒതുങ്ങുന്നതല്ല, ഏഴു പതിറ്റാണ്ട് പൂർത്തിയാക്കുന്ന കേരളത്തിന്റെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകം ഉയർന്നു പൊങ്ങിയത് കേരളത്തിന്റെ ഒരു കടപ്പുറത്തു നിന്നാണ്. ഇന്ത്യയിൽ പൊതുവെ അജ്ഞാതവും അപ്രാപ്യവുമായിരുന്ന വിവര സാങ്കേതികവിദ്യ പരിചയപ്പെടുത്താനായി ഒരു സർക്കാർ സംരംഭം ആദ്യമായി ആരംഭിച്ചതും ഈ സംസ്ഥാനത്തു തന്നെ. സമ്പൂർണ സാക്ഷരത, സമഗ്ര ഭൂപരിഷ്കരണം, ജനകീയാസൂത്രണം, സ്ത്രീ ശാക്തീകരണത്തിനുള്ള 'കുടുംബശ്രീ" എന്നിങ്ങനെ നീളുന്നു, പരീക്ഷണങ്ങളുടെ പട്ടിക. ഇവയിൽ ഏറ്റവും ഒടുവിലത്തേതാണ് അതിദാരിദ്ര്യ നിർമ്മാർജ്ജനം. കേരളത്തിന്റെ വികസനാനുഭവത്തിന്റെ പുത്തൻ അദ്ധ്യായം. കേരളത്തിന്റെ വികസനാനുഭവം തന്നെയാണ് 'കേരളാ മോഡൽ" എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്. വികസനത്തിന്റെ തനതായ ഒരു കേരള മാതൃക (Kerala Model of Development ) ഉണ്ടോ, അതോ അതിനെ വികസനാനുഭവം ( Kerala's Development Experience) എന്ന് പറഞ്ഞാൽ മതിയോ എന്നതും സാമ്പത്തിക വിദഗ്ദ്ധർക്കിടയിൽ തർക്കവിഷയമാണ്. 'ഒരു പേരിൽ എന്തിരിക്കുന്നു" എന്നു കരുതി ആ തർക്കം കാര്യമായി എടുത്തില്ലെങ്കിൽത്തന്നെയും, അതിന് ആസ്പദമായ നേട്ടങ്ങളുടെ പിതൃത്വത്തെക്കുറിച്ച് തർക്കമുണ്ട്. പൊതുജനാരോഗ്യം, ആയുർദൈർഘ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച പുരോഗതിക്ക് അടിത്തറ പാകിയത് ജനകീയ സർക്കാരുകൾക്കു മുമ്പേ രാജഭരണത്തിനു കീഴിലാണെന്ന് ഒരു കൂട്ടർക്ക് അഭിപ്രായമുണ്ട്.
ഇനി, നമ്മുടെ വികസനാനുഭവത്തെ എന്തു പേരിട്ട് വിളിച്ചാലും, കാർഷിക, വ്യാവസായിക മേഖലകൾ കേരളത്തിൽ പാടെ അവഗണിക്കപ്പെട്ടു എന്ന ആരോപണത്തിൽ കഴമ്പില്ലാതില്ല. ഉപ്പുതൊട്ട് കർപ്പൂരം വരെ മാറ്റിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ നാം നിർബന്ധിതരാണ്. വിദ്യാഭ്യാസരംഗത്തെ നിലവാരത്തെയും നേട്ടങ്ങളെയും കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി നമ്മുടെ കുട്ടികൾ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഒഴുകുന്നു എന്നത് നിഷേധിക്കാനാവില്ല. വിദ്യ തേടിയും തൊഴിൽ തേടിയുമാണ് പുറത്തേക്കുള്ള ഈ പ്രവാഹം. കേരളം ഒരു വൃദ്ധസദനമായി പരിണമിക്കാനുള്ള സാദ്ധ്യത ആശങ്കയുളവാക്കേണ്ടതാണ്. കേരളത്തിന്റെ സ്വത്വം അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കേരളത്തനിമ പഴങ്കഥയാവുന്നത് ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല. നാം ഏതു കലകൾ എങ്ങനെ ആസ്വദിക്കണം, എന്ത് ധരിക്കണം, എന്ത് ഭക്ഷിക്കണം എന്നതൊക്കെയും ഇന്ന് കമ്പോളശക്തികളും വിദേശ കുത്തകകളും തീരുമാനിക്കുന്നു. അടുക്കളകളിൽ അടുപ്പുകൾക്ക് നിർബന്ധിത അവധി. അധിനിവേശം അടുക്കളയിൽ മാത്രമല്ല. മലയാളി മുണ്ടുടുക്കുന്നത് (രാഷ്ട്രീയക്കാരൊഴികെ) കേരളപ്പിറവിക്കും തിരുവോണത്തിനും മാത്രമായി. അമ്മിഞ്ഞപ്പാലിനെക്കാൾ മധുരമേറിയ മാതൃഭാഷയായ മലയാളം അറിയില്ലെന്ന് പറയുന്നതിൽ പലർക്കും അപകർഷതയ്ക്കു പകരം അഭിമാനം. ഇതൊക്കെ എഴുതാതെ വയ്യ; എഴുതിയാൽ തീരുകയുമില്ല. ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |