
മുംബയ്: ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിലെ ആണവ ശാസ്‌ത്രജ്ഞർ ആണെന്ന വ്യാജപേരിൽ ഇറാനിയൻ കമ്പനികൾക്ക് വിവരങ്ങൾ നൽകാൻ ശ്രമിച്ച സഹോദരങ്ങൾ പിടിയിൽ. ജാർഖണ്ഡ് ജംഷഡ്‌പൂർ സ്വദേശികളായ അക്തർ ഹുസൈനി ഖുത്‌ബ്‌ദീൻ അഹമ്മദ്, സഹോദരൻ ആദിൽ ഹുസൈനി എന്നിവരാണ് അറസ്റ്റിലായത്. അക്തർ ഹുസൈനിയെ മുംബയ് പൊലീസും ആദിൽ ഹുസൈനിയെ ഡൽഹി പൊലീസുമാണ് അറസ്റ്റ് ചെയ്‌തത്.
ലിഥിയം-6 റിയാക്‌ടറിന്റെതെന്ന പേരിൽ ഒരു രൂപരേഖ വിപിഎൻ, എൻക്രിപ്റ്റഡ് നെറ്റ്‌വർക്ക് എന്നിവ വഴി വിൽക്കാൻ ശ്രമിക്കവെയാണ് ഇവരെ പിടികൂടിയത്. ഇറാനിയൻ കമ്പനികൾക്കാണ് അക്തറും ആദിലും വിവരം വിൽക്കാൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇവർ ബാർക്കിലെ മുതിർന്ന ആണവ ശാസ്‌ത്രജ്ഞർ എന്ന പേരിൽ ടെഹ്‌റാനിലെത്തി. ഇന്ത്യ, ദുബായ് ഇവിടങ്ങളിലെ ഇറാൻ എംബസിയിൽ എത്തി. മുംബയിലെ ഒരു ഇറാൻ നയതന്ത്രജഞനെ ഇവർ ഇതേപേരിൽ കബളിപ്പിച്ചു.
ന്യൂക്ളിയാർ റിയാക്‌ടറിന്റെ ബ്ളൂപ്രിന്റും ചില വ്യാജ വിവരങ്ങളും നയതന്ത്രജ്ഞന് ഇവർ നൽകി. പ്ളാസ്‌മാ താപനില നിയന്ത്രിക്കാൻ ലിഥിയം-6 അടിസ്ഥാനപ്പെടുത്തി ഫ്യൂഷൻ റിയാക്‌ടറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചു, ലിഥിയം-7 അടിസ്ഥാനമാക്കി റിയാക്‌ടർ വികസിപ്പിച്ചെന്നും ഇവർ പറഞ്ഞു. ന്യൂക്ളിയാർ റിയാക്‌ടർ ഫിസിക്‌സ്, പ്ളാസ്‌മ ഡൈനാമിക്‌സ്, ഐസോടോപ്പ് കെമിസ്‌ട്രി എന്നിങ്ങനെ ചില കഠിനമായ ശാസ്‌ത്രീയ വാക്കുകളും പറഞ്ഞ് ഇവർ ഇറാനിയൻ ഉദ്യോഗസ്ഥരെ കബളിപ്പിച്ചു.
അക്തർ ഹുസൈനിയിൽ നിന്ന് ബാർക്കിലെ വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തി. അലി റാസ ഹുസൈൻ, അലക്‌സാണ്ടർ പാൽമർ എന്നീ പേരുകളാണ് ഇതിലുണ്ടായിരുന്നത്. 1995 മുതൽ ഇവർ ഇത്തരത്തിൽ പ്രവർത്തനം നടത്തിയിട്ടുണ്ടെന്നും 25 വർഷത്തോളമായി കോടികൾ ഇത്തരത്തിൽ ഓരോ രഹസ്യ രേഖ കൈമാറ്റത്തിനും വാങ്ങിയിരുന്നെന്നും സംശയിക്കുന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |