
തിരുവനന്തപുരം: ദേശീയ കടുവ സെൻസസിന്റെ ഭാഗമായുള്ള കണക്കെടുപ്പ് ഡിസംബർ 1ന് ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായി ഏപ്രിൽ വരെയാണ് കണക്കെടുപ്പ് . ഇതിന്റെ ഭാഗമായി വനംമേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള യോഗം തയ്യാറെടുപ്പുകൾ വിലയിരുത്തി.
കണക്കെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പരിശീലനം പെരിയാർ, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. 2022ലായിരുന്നു ഇതിനുമുമ്പ് കണക്കെടുത്തത്. അതിൽ രാജ്യത്ത് 3682 കടുവകളും കേരളത്തിൽ 213 എണ്ണവുമുള്ളതായി കണ്ടെത്തിയിരുന്നു.
മൂന്ന് ഘട്ടം
ആദ്യഘട്ടം ഡിസംബർ 1 മുതൽ 8 ദിവസത്തേക്ക്. പെരിയാർ, പറമ്പിക്കുളം കടുവ സങ്കേതങ്ങൾ അടക്കം സംസ്ഥാനത്തെ 37 ഫോറസ്റ്റ് ഡിവിഷനുകളിലെ 673 ബ്ലോക്കുകളിൽ കടുവയുടെ സാന്നിദ്ധ്യമുള്ള ഭാഗങ്ങളിൽ നേരിട്ട് സന്ദർശിച്ച് എം- സ്ട്രിപ്സ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ വിവരങ്ങൾ രേഖപ്പെടുത്തും.
ലഭിച്ച വിവരങ്ങളുടെ വിശകലനമാണ് രണ്ടാംഘട്ടം.
മൂന്നാംഘട്ടത്തിൽ ക്യാമറ ട്രാപ്പിംഗ്. തിരഞ്ഞെടുത്ത 2 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള 1860 ഗ്രിഡുകളിലെ വിവരശേഖരണം. ഫീൽഡ് ഡാറ്റാ ശേഖരണവും ക്യാമറ ട്രാപ്പിംഗ് വിവരശേഖരണവും മാർച്ച് വരെ തുടരും. വിശകലനവും സംയോജനവും പൂർത്തിയാക്കി ഏപ്രിലിനകം ദേശീയ കടുവ സംരക്ഷണ അതോറിട്ടിക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |