
ജയ്പൂർ: തന്റെ മകന്റെ പുതിയ ആഡംബര കാറിനായി 31 ലക്ഷം രൂപയ്‌ക്ക് വിഐപി രജിസ്‌ട്രേഷൻ നമ്പർ വാങ്ങി നൽകി പിതാവ്. നവംബർ 14ന് 18 വയസ് തികയുന്ന മകന് സമ്മാനമായി നൽകുന്ന ഓഡി ആർഎസ്‌ക്യു 8ന് വേണ്ടിയാണ് രാഹുൽ തനേജ ഇത്രയും വലിയ തുക ചെലവാക്കിയത്. ഒരിക്കൽ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ നിരവധി കഷ്ടപ്പാടുകളിലൂടെയാണ് ഒരു ബിസിനസുകാരനായി വളർന്നത്.
എക്സ്ക്ലൂസീവ് നമ്പർ പ്ലേറ്റുകളോടുള്ള ഇഷ്ടം കാരണമാണ് രാഹുൽ തനേജ എന്ന ബിസിനസുകാരൻ രാജസ്ഥാനിലെ ഏറ്റവും വിലയേറിയ രജിസ്ട്രേഷൻ നമ്പറായ ആർജെ 60 സിഎം 0001 വാങ്ങിയത്. ജയ്പൂർ റെയിൽവേ ട്രാൻസ്‌പോർട്ട് ഓഫീസ് നടത്തിയ മത്സരാധിഷ്ഠിത ലേലത്തിലൂടെയാണ് ഇയാൾ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. വ്യത്യസ്തമായ വാഹന രജിസ്ട്രേഷൻ നമ്പറുകളോടുള്ള അഭിനിവേശമാണ് പൊതുജനങ്ങൾക്കിടയിൽ അദ്ദേഹത്തെ പ്രശസ്‌തനാക്കിയത്. ഇതിന് മുൻപും റെക്കോർഡ് തുകകൾക്ക് അദ്ദേഹം വിഐപി വാഹന രജിസ്‌ട്രേഷൻ നമ്പറുകൾ സ്വന്തമാക്കിയിട്ടുണ്ട്.
രാഹുൽ തനേജ ഒരൊറ്റ ദിവസം കൊണ്ട് നേടിയതല്ല ഈ ജീവിത വിജയം. മദ്ധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയിലെ ഒരു ചെറിയ ഗ്രാമമായ കത്രയിൽ ജനിച്ച രാഹുൽ തനേജയുടെ ആദ്യകാല ജീവിതം കഷ്ടപ്പാടുകളുടേതായിരുന്നു. അദ്ദേഹത്തന്റെ അമ്മ വയലിൽ ജോലി ചെയ്യുമ്പോൾ അച്ഛൻ സൈക്കിൾ പഞ്ചറുകൾ നന്നാക്കിയായിരുന്നു വീട്ട് ചെലവ് നടത്തിയിരുന്നത്. പതിനൊന്നാമത്തെ വയസിൽ ജയ്പൂരിലെ ആദർശ് നഗറിൽ റോഡരികിലെ ധാബയിൽ വെയിറ്ററായാണ് തനേജ ജോലി ആരംഭിച്ചത്.
രണ്ട് വർഷക്കാലം ചായയും ലഘുഭക്ഷണവും വിളമ്പിയാണ് അദ്ദേഹം കുടുംബം പോറ്റിയത്. ദീപാവലിക്ക് പടക്കം വിൽക്കുന്നതും ഹോളിക്ക് നിറങ്ങൾ വിൽക്കുന്നതും മകരസംക്രാന്തിക്ക് പട്ടം വിൽക്കുന്നതും അദ്ദേഹം പതിവാക്കി. കൊറിയർ ഡെലിവറി, പത്ര വിതരണം തുടങ്ങിയവയും വാടക പരസ്യങ്ങൾ കൈകാര്യം ചെയ്യുന്നതും ഉൾപ്പെടെ നിരവധി ചെറിയ ജോലികൾ അദ്ദേഹം ചെയ്തു.
16 വയസ്സുള്ളപ്പോഴാണ് ജയ്പൂരിലെ ദുർഗാപുര റെയിൽവേ സ്റ്റേഷനിൽ രാത്രി 9 മുതൽ അർദ്ധരാത്രി വരെ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയത്. 19 വയസ്സുള്ളപ്പോൾ, ജയ്പൂരിലെ സിന്ധി കോളനിയിൽ കാർ പാലസ് എന്ന ചെറിയ കാർ ഡീലർഷിപ്പ് തുറക്കാൻ ആവശ്യമായ തുക അദ്ദേഹം സമ്പാദിച്ചു. അതേ സമയം തന്നെ അദ്ദേഹം മോഡലിംഗും പഠിക്കാൻ തുടങ്ങി. മിസ്റ്റർ ജയ്പൂർ, മിസ്റ്റർ രാജസ്ഥാൻ, 1999 ലെ മെൻ ഓഫ് ദി ഇയർ എന്നിവയുൾപ്പെടെ നിരവധി കിരീടങ്ങൾ നേടി. ഫാഷനിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുകയറ്റം അദ്ദേഹത്തിന്റെ ജീവിതത്തിന് കൂടുതൽ വ്യക്‌തത നൽകി.
2000 ലാണ് ലൈവ് ക്രിയേഷൻസ് എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി അദ്ദേഹം സ്ഥാപിച്ചത്. തുടർന്ന് 2005-ൽ മുംബൈയിൽ ഓഫീസുകളുള്ള ഒരു ആർട്ടിസ്റ്റ് മാനേജ്മെന്റ് ഏജൻസിയായ ഇന്ത്യൻ ആർട്ടിസ്റ്റ് ഡോട്ട് കോം സ്ഥാപിച്ചു. പിന്നീട് 10 വർഷത്തിന് ശേഷം രാഹുൽ തനേജ പ്രീമിയം വെഡ്ഡിംഗ്സ് എന്ന ബാനറിന് കീഴിൽ ആഡംബര വിവാഹങ്ങളുടെ ചുമതലകൾ ഏറ്റെടുത്തു. പിന്നീട് ഓരോ സംരംഭങ്ങളായി അഭിവൃദ്ധി പ്രാപിച്ചതോടെയാണ് ഒരു ബിസിനസുകാരനായുള്ള തനേജയുടെ വളർച്ച തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |