
അഹമ്മദാബാദ്: ഒരു വര്‍ഷത്തോളമായി കാണാനില്ലായിരുന്ന യുവാവിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്വന്തം വീട്ടിലെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലാണ് ഇയാളുടെ ശരീര അവശിഷ്ടങ്ങള്‍ ലഭിച്ചത്. യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും അവരുടെ കാമുകനും ബന്ധുക്കളും ചേര്‍ന്ന് ആണെന്ന് അഹമ്മദാബാദ് പൊലീസ് പറയുന്നു. സമീര്‍ അന്‍സാരിയെന്ന 35കാരനാണ് ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടത്.
യുവാവിനെ കാണാതായ കേസില്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീട്ടിലെത്തി ചൊവ്വാഴ്ച പരിശോധന നടത്തിയത്. കഴിഞ്ഞ കുറച്ച് കാലമായി ഈ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അന്‍സാരിയുടെ ഭാര്യ റൂബി, അവരുടെ കാമുകന്‍ ഇമ്രാന്‍ എന്നിവരാണ് കൊലപാതകം നടത്തിയത്. റൂബിയും ഇമ്രാനും ഇയാളുടെ ബന്ധുക്കളായ റഹീം, മുഹ്‌സിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ചെയ്തതെന്ന് അഹമ്മദാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അജിത് രാജിയാന്‍ പറഞ്ഞു.
കാമുകന്‍ ഇമ്രാന്‍ അറസ്റ്റിലായെങ്കിലും റൂബി ഇപ്പോഴും ഒളിവിലാണ്. ഇമ്രാന്റെ ബന്ധുക്കളും ഒളിവിലാണ്. അടുക്കളയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ അന്‍സാരിയുടേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ് ഇപ്പോള്‍. ഇമ്രാന്‍ ആണ് അന്‍സാരിയെ കൊലപ്പെടുത്താന്‍ റൂബിയെ നിര്‍ബന്ധിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞതിന് പിന്നാലെ അന്‍സാരി ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു. ഇതാണ് കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയുടെ സഹായത്തോടെയാണ് അന്‍സാരിയുടെ കഴുത്തറുത്ത് കൊന്നത്. ഇതിന് ശേഷം ഇമ്രാന്റെ ബന്ധുക്കളുടെ സഹായത്തോടെ മൃതദേഹം കഷ്ണങ്ങളാക്കി മാറ്റി കുഴിച്ചിടുകയായിരുന്നു. റൂബിയുമായുള്ള പ്രണയ വിവാഹത്തിന് ശേഷം 2016-ലാണ് ബിഹാര്‍ സ്വദേശിയായ അന്‍സാരി അഹമ്മദാബാദിലേക്ക് താമസം മാറിയത്. അവിടെ മേസ്തിരിപ്പണി ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇമ്രാന്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |