ലാമയെ കാണാതായിട്ട് ഒരു മാസം
കൊച്ചി: കുവൈറ്റിൽ നിന്ന് നാടു കടത്തിയതിനെ തുടർന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ ശേഷം കാണാതായ സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെടുന്ന ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ലാമയുടെ തിരോധാനം അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി കൂടിക്കാഴ്ച നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ഹർജിക്കാരനായ മകൻ സാന്റോൺ ലാമയ്‌ക്കും ബന്ധപ്പെട്ട അഭിഭാഷകർക്കും ഗവ. പ്ലീഡർക്കും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ലാമയെ കാണാതായിട്ട് ഒരു മാസം തികഞ്ഞു.
ബെംഗളൂരുവിൽ താമസിക്കുന്ന സൂരജ് ലാമ (59) ഒക്ടോബർ അഞ്ചിന് പുലർച്ചെ 2.15 നാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. കുവൈറ്റ് വിഷ മദ്യ ദുരന്തത്തിനിരയായി ഓർമ്മ നഷ്ടപ്പെട്ട നിലയിലാണ് എത്തിയത്. അലഞ്ഞു നടന്നിരുന്ന സൂരജ് ലാമയെ തൃക്കാക്കര പൊലീസ് പിന്നീട് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിപ്പിച്ചെങ്കിലും അവിടെ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാവുകയായിരുന്നു. എറണാകുളം റൂറൽ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. കോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |