
കൊല്ലം: ഇത്തിരി മുടക്കിയാൽ ഒത്തിരി നേടാമെന്ന, സൈബർ കള്ളൻമാരുടെ മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി പണം നഷ്ടമാകുന്നവരുടെ കഥകൾ ദിനംപ്രതി പുറത്തു വന്നിട്ടും മലയാളി പഠിക്കുന്നില്ല! വീട്ടമ്മമാർ മുതൽ ഡോക്ടർമാർ വരെയുള്ളവരാണ് കുടുങ്ങുന്നത്. വ്യാജ ഓൺലൈൻ ട്രേഡിംഗ് വഴി അടുത്തിടെ കൊല്ലം പുത്തൂർ സ്വദേശിക്ക് 1.83 കോടിയാണ് നഷ്ടപ്പെട്ടത്. ഈ കേസിലെ മുഖ്യപ്രതി ഗുജറാത്ത് രാജ്കോട്ട് സ്വദേശി കനോട്ടര അനിൽകുമാർ ഹാജിബായ് എന്നയാളെ കൊല്ലം റൂറൽ സൈബർ ക്രൈം സംഘം ഗുജറാത്തിൽ നിന്ന് പിടികൂടിയിരുന്നു.
ഓൺലൈൻ ഷെയർ ട്രേഡിംഗ്, ലാഭ വിഹിതം, വിദേശത്ത് ജോലി തുടങ്ങിയവയുടെ പേരിലാണ് തട്ടിപ്പ് പെരുകുന്നത്. പുത്തൂർ സംഭവത്തിൽ, പ്രതിയുടെ പേരിൽ വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ വഴി ചുരുങ്ങിയ സമയത്തിനുള്ളിൽ 10 കോടിയോളം രൂപയുടെ ഇടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. സൈബർ തട്ടിപ്പുകൾക്ക് തടയിടാൻ പൊലീസ് നടത്തിയ ഓപ്പറേഷൻ സൈ-ഹണ്ടിന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ 27 പേരെയും റൂറൽ പരിധിയിൽ 5 പേരെയും അറസ്റ്റ് ചെയ്തിരുന്നു. അബദ്ധങ്ങളിൽ ചാടുന്ന പലരും മാസങ്ങൾക്ക് ശേഷമാണ് പൊലീസിനെ സമീപിക്കുന്നത്. എത്രയം വേഗം കേസ് നൽകുന്നവർക്ക് തുക തിരികെ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. നൂറിലേറെ സൈബർ കേസുകളാണ് ജില്ലയിൽ മാസം രജിസ്റ്റർ ചെയ്യുന്നത്.
നേരിട്ട് പരിശോധിക്കാം
തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളും പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്. www.cybercrime.gov.in എന്ന വെബ്സൈറ്റിൽ Report & Check Suspect ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം 'suspect repository' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ,യു.പി.ഐ ഐ.ഡി, സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി
അറിയാനാവും.
വേണം ജാഗ്രത
അപരിചിതമായ ലിങ്കുകൾ തുറക്കരുത്
പിൻ നമ്പർ, ഒ.ടി.പി, ആധാർ നമ്പർ തുടങ്ങിയവ പങ്കുവയ്ക്കരുത്
സോഷ്യൽ മീഡിയ ആപ്പുകളിൽ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എനേബിൾ ചെയ്യുക
പരിചയമില്ലാത്ത സൗഹൃദ അഭ്യർത്ഥന നിരസിക്കുക
ബിസിനസ് പ്രമോഷന് നമ്പർ ആവശ്യപ്പെട്ടാൽ നൽകരുത്
ബാങ്കുകളുടെ യഥാർത്ഥ വെബ്സൈറ്റിലെ കസ്റ്റമർ കെയർ നമ്പർ ഉപയോഗിക്കുക
പരിചയമില്ലാത്തവരുമായി വീഡിയോ കാൾ ചെയ്യരുത്
സി.ബി.ഐ ഉൾപ്പെടെയുള്ള ഏജൻസികൾ ഭീഷണിപ്പെടുത്തി പണം വാങ്ങില്ലെന്ന് തിരിച്ചറിയുക
ലോൺ ആപ്പ് ഉപയോഗിക്കരുത്
അജ്ഞാത അക്കൗണ്ടിൽ നിന്ന് പണംവന്നാൽ നിയമസഹായം തേടുക
ചതിയിൽപ്പെട്ടാൽ മറച്ചുവയ്ക്കാതെ പൊലീസിൽ അറിയിക്കുക
പരാതി അറിയിക്കാൻ
1930 www.cybercrime.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |