വടകര: വടകര - പേരാമ്പ്ര സംസ്ഥാന പാതയ്ക്ക് മുകളിലൂടെ ചെക്കോട്ടി ബസാറിൽ റോഡിന് കുറുകെ കടന്നുപോകുന്ന കനാൽ അക്വഡേറ്റ് അപകടാവസ്ഥയിൽ. കനാൽ തുറന്നപ്പോൾ ഇതിൻ്റെ വിള്ളലിലൂടെ വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. ചോർച്ച ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും ശക്തമായ ചോർച്ച അനുഭവപ്പെടുന്നത് ഈ അടുത്ത കാലത്താണെന്ന് നാട്ടുകാർ പറയുന്നു. അക്വഡേറ്റിന് 45 വർഷത്തിലധികം പഴക്കമുണ്ട്. കുറ്റ്യാടി പുഴയിൽ നിന്ന് - മൂഴിക്കൽ വരെ നീളുന്ന അക്വഡേറ്റിൽ റോഡിന് കുറുകെയുളള ഭാഗത്താണ് ഏറ്റവും കൂടുതൽ അപകടാവസ്ഥയുള്ളത്. ഇതിനെ താങ്ങിനിർത്തുന്ന തൂണുകൾക്കും ക്ഷയം സംഭവിച്ചിട്ടുണ്ട്. തൂണുകളിലും കോൺക്രീറ്റ് പൊളിഞ്ഞുവീണ് കമ്പി പുറത്തുകാണുന്ന രീതിയിലാണ്. ഇടതടവില്ലാതെ വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന റോഡിനു മുകളിൽ ഇത്രയും അപകടകരമായ അവസ്ഥയിലായിട്ടും അധികൃതർ അക്വഡേറ്റ് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാർക്ക് പറയുന്നത്. കുറ്റ്യാടി ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രോജക്ടിന് കീഴിലാണ് ഇതിൻറെ നവീകരണവും പുനർനിർമ്മിതിയുമെല്ലാം നടക്കേണ്ടത്. നേരിട്ടും അല്ലാതെയും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
"ചെക്കോട്ടി ബസാറിലും കീഴൽ പള്ളി ഭാഗത്തും അക്വഡേറ്റിന് ചോർച്ചയുണ്ട്. എപ്പോഴും അപകടാവസ്ഥ ഉണ്ട്. കളക്ടർ ജനപ്രതിനിധികൾ എന്നിവർക്കെല്ലാം മാസ് പെറ്റിഷനടക്കം സമർപ്പിച്ചിട്ടുണ്ട്. അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്നത് ഉചിതമല്ല"
സി.പി.ബിജു പ്രസാദ്, വില്ല്യാപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്
" ചെക്കോട്ടി ബസാറിൽ അക്വഡേറ്റിന് ചോർച്ച വർദ്ധിക്കുന്നുണ്ട്. അപകടാവസ്ഥ കണക്കിലെടുത്ത് ഉടൻ പരിഹാര നടപടികൾ സ്വീകരിക്കണം"
പ്രദീപ് കുമാർ പുത്തൂർ, പ്രസിഡന്റ്, കർഷക സംഘം ചെക്കോട്ടി ബസാർ യൂണിറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |