
പണിശാലകള്‍ തൃശൂര്‍ വിട്ട് കോയമ്പത്തൂരിലേക്ക്
തൃശൂര്‍: സ്വര്‍ണ വിലയിലെ കുതിപ്പില്‍ ആഭരണ നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. സ്വര്‍ണാഭരണ നിര്‍മ്മാതാക്കളും തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയാണ് വെല്ലുവിളി. പഴയ സ്വര്‍ണം മാറ്റിയെടുക്കാനും മറ്റും തിരക്കുള്ളതിനാല്‍ ജുവലറികളിലെ റീട്ടെയില്‍ വ്യാപാരം സജീവമാണെങ്കിലും നിര്‍മ്മാണ തൊഴിലാളികള്‍ പട്ടിണിയിലാണ്.
ജുവലറികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ക്ക് ക്രെഡിറ്റില്‍ നല്‍കുന്നതാണ് വെല്ലുവിളിയെന്ന് കേരള ജുവലറി മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.സാബു പറയുന്നു. ഒരു പവന്‍ സ്വര്‍ണാഭരണം റീട്ടെയില്‍ വ്യാപാരത്തിന് നല്‍കിയാല്‍ പണം ലഭിക്കാന്‍ മൂന്നാഴ്ചയെടുക്കും. ഇതിനാല്‍ ഓരോ ദിവസവും നിര്‍മ്മാതാക്കളുടെ വാങ്ങല്‍ശേഷി കുറയുകയാണെന്നും സാബു പറയുന്നു.
തൃശൂരിലെ ആഭരണ നിര്‍മ്മാണ കമ്പനികളുടെ എണ്ണം മുവായിരത്തില്‍ നിന്ന് പകുതിയായി കുറഞ്ഞു. ഈ സ്ഥാപനങ്ങളില്‍ 25,000ല്‍ അധികം തൊഴിലാളികളുണ്ട്. ആഭരണ നിര്‍മ്മാണ തൊഴിലാളികളെ കൂടാതെ കളറിംഗ്, കട്ടിംഗ്, ഹാള്‍മാര്‍ക്കിംഗ്, ആസിഡിംഗ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികളെയും വിലക്കയറ്റം ബാധിക്കുന്നുണ്ട്.
നിര്‍മ്മാതാക്കള്‍ കേരളം വിടുന്നു
കേരളത്തിന്റെ സ്വര്‍ണ വ്യവസായം തൃശൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് നീങ്ങുകയാണ്. കേരളത്തില്‍ ജി.എസ്.ടി പരിശോധനയും ഇ-വേ ബില്‍ നടപ്പാക്കിയതുമാണ് തിരിച്ചടിയായത്. തൃശൂരിലെ 40 ശതമാനം സ്വര്‍ണാഭരണ തൊഴിലുകളും കോയമ്പത്തൂരിലേക്ക് മാറി. ഗാന്ധിപാര്‍ക്ക്, ശുക്ളാര്‍പേട്ടൈ, എടയാര്‍ വീഥി, സുന്ദരം വീഥി എന്നിവിടങ്ങളിലാണ് പ്രധാനമായും ആഭരണ നിര്‍മ്മാണം നടക്കുന്നത്.
സ്വര്‍ണാഭരണ നിര്‍മ്മാണ രംഗം സ്തംഭനത്തിലാണ്. സ്വര്‍ണ ആഭരണ കവര്‍ച്ചയും കൂടുന്നതിനാല്‍ പിടിച്ചുനില്‍ക്കാനാകുന്നില്ല.
-എ.കെ.സാബു, പ്രസിഡന്റ്, കേരള ജ്വല്ലറി മാനുഫാക്ചേഴ്സ് അസോസിയേഷന്‍
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |