
തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി കേരള റെയില്‍വേ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന 'ഓപ്പറേഷന്‍ രക്ഷിത' യുടെ ഭാഗമായി വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന യുവതിയെ ആക്രമിച്ച് തള്ളിയിട്ട് പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് കേരള റെയില്‍വേ പൊലിസും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി 'ഓപ്പറേഷന്‍ രക്ഷിത' സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്.
റെയില്‍വേ പോലീസ് എസ്.പി ഷഹന്‍ഷാ കെ എസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധന. ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷന്‍ പരിസരത്തും ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടന്നിരുന്നു.
യാത്രക്കാരുടെ സുരക്ഷ (പ്രധാനമായും സ്ത്രീ യാത്രക്കാരുടെ) ഉറപ്പുവരുത്തുക, ട്രെയിനുകളിലും സ്റ്റേഷന്‍ പരിസരങ്ങളിലും പാലിക്കേണ്ട അച്ചടക്കം, ജാഗ്രത, ക്രമസമാധാനം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, യാത്രക്കാര്‍ക്കുനേരെ ഉണ്ടാകുന്ന വിവിധ അക്രമസംഭവങ്ങളെ ഫലപ്രദമായി തടയുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
മദ്യപിച്ച് യാത്ര ചെയ്യുന്നവരെ കണ്ടെത്താന്‍ വിവിധ സ്റ്റേഷന്‍ പരിധികളില്‍ ബ്രെത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധന, റെയില്‍വേ സ്റ്റേഷന്‍ പരിധിയിലുള്ള സി.സി.ടി.വി ക്യാമറകളുടെ നിരീക്ഷണം, ബോംബ് സ്‌ക്വാഡ്, കെ9 സ്‌ക്വാഡ് എന്നീ വിഭാഗങ്ങളെ ഉപയോഗിച്ചുള്ള പരിശോധനകള്‍ തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിച്ചു വരുന്നു.
പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യം കൊണ്ടുതന്നെ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ തടയുന്നതിനും ഇതിലൂടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വബോധം ലഭിക്കുന്നതിനുമാണ് പ്രധാനമായും ശ്രമിക്കുന്നത്.
ഇതിനായി കേരള റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ടിക്കറ്റ് പരിശോധകരും അടങ്ങുന്ന ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |