
നാലാം ട്വന്റി-20 യിൽ 48 റൺസിന് ഓസീസിനെ തോൽപ്പിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിൽ
ഗോൾഡ്കോസ്റ്റ് : കരാറ സ്റ്റേഡിയത്തിൽ നടന്ന നാലാം ട്വന്റി-20 മത്സരത്തിൽ 48 റൺസിന് വിജയം നേടിയ ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 2-1ന് മുന്നിലെത്തി. ഇന്നലെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഓവറിൽ 167/8 എന്ന സ്കോർ ഉയർത്തിയ ശേഷം ആതിഥേയരെ 18.2 ഓവറിൽ 119 റൺസിന് ആൾഔട്ടാക്കുകയായിരുന്നു ഇന്ത്യ.
11 പന്തുകളിൽ 21 റൺസ് നേടുകയും രണ്ട് നിർണായകവിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ആൾറൗണ്ടർ അക്ഷർ പട്ടേലാണ് പ്ളേയർ ഒഫ് ദ മാച്ച്. അഞ്ചാം മത്സരം നാളെ ബ്രിസ്ബേനിൽ നടക്കും.
ടോസ് നഷ്ടപ്പെട്ടിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗില്ലും (46) അഭിഷേക് ശർമ്മയും (28) ചേർന്ന് 6.4 ഓവറിൽ 56 റൺസടിച്ച് മികച്ച തുടക്കമാണ് നൽകിയത്. സാംപയുടെ പന്തിൽ ഡേവിഡിന് ക്യാച്ച് നൽകിയ അഭിഷേകിന് പകരമെത്തിയ ശിവം ദുബെ 18 പന്തുകളിൽ 22 റൺസുമായി മടങ്ങി. 39 പന്തുകളിൽ നാലുഫോറും ഒരു സിക്സും പായിച്ച ഗിൽ 15- ാം ഓവറിൽ മടങ്ങിയപ്പോൾ ഇന്ത്യ 121/3 എന്ന നിലയിലായിരുന്നു. അവസാന ഓവറുകളിൽ സൂര്യകുമാർ യാദവ് (10 പന്തുകളിൽ 20), തിലക് വർമ്മ (5), ജിതേഷ് ശർമ്മ (3),വാഷിംഗ്ടൺ സുന്ദർ(12), അർഷ്ദീപ് (0) എന്നിവർ പുറത്തായി. അക്ഷർ 11 പന്തുകളിൽ ഓരോ ഫോറും സിക്സുമടിച്ച് പുറത്താകാതെ നിന്നു.ഓസീസിനായി ആദം സാംപയും നഥാൻ എല്ലിസും മൂന്ന് വിക്കറ്റുകൾ വീതം നേടി.
മറുപടിക്കിറങ്ങിയ ഓസീസ് ഓപ്പണർ മാത്യു ഷോർട്ടിനെ (25) അഞ്ചാം ഓവറിൽ എൽ.ബിയിൽ കുരുക്കി അക്ഷർ ആദ്യ പ്രഹരം നൽകി. ഒൻപതാം ഓവറിൽ ഇൻഗിലിസിനെ(12) അക്ഷർതന്നെ ബൗൾഡാക്കി.ശിവം ദുബെ 10-ാംഓവറിൽ മിച്ചൽ മാർഷിനെയും(30), 12-ാം ഓവറിൽ ടിം ഡേവിഡിനെയും(14) ഫീൽഡർമാരുടെ കയ്യിലെത്തിച്ചതോടെ ഓസീസ്
91/4 എന്ന നിലയിലായി. എന്നിട്ടും വിജയപ്രതീക്ഷയിലായിരുന്ന ആതിഥേർക്ക് കനത്ത പ്രഹരമായി 14-ാം ഓവറിൽ ജോഷ് ഫിലിപ്പിനെ(10) അർഷ്ദീപ് വരുണിന്റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ മാക്സ്‌വെല്ലിനെ(2) വരുൺ ബൗൾഡാക്കുകയും ചെയ്തു.17-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ വാഷിംഗ്ടൺ സുന്ദർ സ്റ്റോയ്നിസിനെയും (17), സേവ്യർ ബാലറ്റിനെയും (0) പുറത്താക്കിയതോടെ ഓസീസിന്റെ തോൽവി ഉറപ്പായി. 18-ാം ഓവറിൽ ബുംറ ദ്വാർഷൂയിസിനെയും (5) അടുത്ത ഓവറിൽ വാഷിംഗ്ടൺ സാംപയേയും കൂടാരം കയറ്റിയതോടെ കംഗാരുക്കളുടെ കഥ കഴിഞ്ഞു.
എട്ടു പന്തുകളിൽ മൂന്ന് റൺസ് മാത്രം വിട്ടുകൊടുത്താണ് വാഷിംഗ്ടൺ മൂന്ന് വിക്കറ്റുകൾ നേടിയത്. അക്ഷർ പട്ടേലും ശിവം ദുബെയും രണ്ട് വിക്കറ്റുകൾ വീതവും അർഷ്ദീപും ബുംറയും വരുണും ഓരോ വിക്കറ്റും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |