
ലോക കായികരംഗത്ത് ഇന്ത്യയെ ആദ്യം അടയാളപ്പെടുത്തിയ കായിക ഇനമാണ്ഹോക്കി. ഒളിമ്പിക്സ് മെഡൽപ്പട്ടികയിൽ ഇന്ത്യയെന്ന പേരിന് സ്വർണത്തിളക്കം നൽകിയ കളി. എട്ട് ഒളിമ്പിക്സുകളിൽ സ്വർണം നൽകിയ ഹോക്കിയിൽ നിന്ന് നിരവധി മഹാരഥന്മാരായ ഇന്ത്യൻ കളിക്കാരുണ്ടായി.സ്റ്റിക്കിലൊട്ടിപ്പിടിച്ച പന്തുമായി ഹിറ്റ്‌ലറെപ്പോലും അതിശയിപ്പിച്ച മാന്ത്രികൻ ധ്യാൻചന്ദും ബൽബീർ സിംഗ് സീനിയറും ഉദ്ധം സിംഗും ലെസ്‌ലി ക്ളോഡിയസും അസ്‌ലം ഷേർ ഖാനും അശോക് കുമാറും മുഹമ്മദ് ഷാഹിദും ധൻരാജ് പിള്ളയും ദിലീപ് ടിർക്കിയും മുതൽ മലയാളിതാരങ്ങളായ മാനുവൽ ഫ്രെഡറിക്സും പി.ആർ ശ്രീജേഷ് വരെയുള്ള ഇതിഹാസതാരങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്ന് ഉദിച്ചുയർന്നു.
ഈ വർഷം ഇന്ത്യൻ ഹോക്കിക്ക് 100 വയസ് തികയുകയാണ്. 1925 നവംബർ 7ന് ഗ്വാളിയോറിൽ ഇന്ത്യൻ ഹോക്കി ഫെഡറേഷൻ (IHF) രൂപംകൊണ്ടതോടുകൂടിയാണ് ഇന്ത്യയിൽ ഹോക്കിക്ക് സംഘടിതമായ രൂപമുണ്ടാകുന്നത്. ഇന്ത്യൻ ഹോക്കി ഫെഡറേഷൻ രൂപീകരണത്തിന്റെ നൂറാം വാർഷികം സമുചിതമായി ആഘോഷിക്കാനാണ് ഹോക്കി ഇന്ത്യ (ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ 2009 മുതലുള്ള പേര്) തീരുമാനം. ഇന്ന് രാജ്യത്ത് ആയിരത്തോളം ഹോക്കി മത്സരങ്ങൾ സംഘടിപ്പിച്ച് നൂറാം വാർഷികം ആഘോഷമാക്കുകയാണ് ഹോക്കി ഇന്ത്യ.
1908 ലണ്ടൻ ഒളിമ്പിക്സിലാണ് ഹോക്കി ഒരു മത്സരയിനമായി മാറുന്നത്. എന്നാൽ ഇന്ത്യ 1928 ആംസ്റ്റർഡാം ഒളിമ്പിക്സിലാണ് ആദ്യമായി ഹോക്കിയിൽ മത്സരിക്കുന്നതും സ്വർണമെഡൽ നേടുന്നതും. അവിടുന്നങ്ങോട്ട് ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യയുടെ ജൈത്രയാത്രയായിരുന്നു. 1928 ആംസ്റ്റർഡാം ഒളിമ്പിക്സ് മുതൽ 2024 പാരീസ് ഒളിമ്പിക്സ് വരെ ഇന്ത്യ ഹോക്കിയിൽ 12 മെഡലുകൾ നേടിയിട്ടുണ്ട്. 8 സ്വർണ്ണമെഡലുകളും, ഒരു വെള്ളിമെഡലും നാലു വെങ്കലമെഡലുകളും. തുടർച്ചയായ ആറ് ഒളിമ്പിക്സുകളിലാണ് ഇന്ത്യ സ്വർണം നേടിയത്. ഇത് സർവകാല റെക്കാഡാണ്. 1928 മുതൽ 1960 വരെയുള്ള ഒളിമ്പിക്സുകളിൽ ഇന്ത്യയെ ആർക്കും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. 30 മത്സരങ്ങളിലാണ് ഇന്ത്യ തുടർച്ചയായി ജയിച്ചത്. ഒളിമ്പിക്സുകളിൽ കളിച്ച 142 മത്സരങ്ങളിൽ 87 എണ്ണത്തിലും വിജയിച്ച ടീമാണ് ഇന്ത്യ. മറ്റൊരു ടീമും ഒളിമ്പിക്സിൽ ഇത്രയും മത്സരങ്ങൾ വിജയിച്ചിട്ടില്ല. 1928 ലും 1956ലും ഒറ്റഗോൾ പോലും വഴങ്ങാതെയാണ് ഒളിമ്പിക് സ്വർണം നേടിയത്.
ഒരു കാലത്ത് ലോകഹോക്കിയെ നിയന്ത്രിച്ചിരുന്നത് ഇന്ത്യയായിരുന്നു. ഇന്ത്യൻ ഹോക്കിയുടെ പ്രതാപകാലം 1980 മോസ്‌കോ ഒളിമ്പിക്സോടെ അവസാനിച്ചു. എന്നാൽ 2020 ടോക്കിയോ ഒളിമ്പിക്സിലും 2024 പാരീസ് ഒളിമ്പിക്സിലും വെങ്കലം നേടി പി.ആർ ശ്രീജേഷും പിള്ളേരും ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കി. 2020 ടോക്കിയോ ഒളിമ്പിക്സിൽ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകളും ഹോക്കി സെമിഫൈനലിൽ പ്രവേശിച്ചു. എന്നാൽ തലനാരിഴയ്ക്ക് സെമിയിൽ പരാജയപ്പെടേണ്ടിവന്നു.
മലയാളിത്തിളക്കമായി
മാനുവലും ശ്രീജേഷും
ഇന്ത്യൻ ഹോക്കിയിൽ എടുത്തുപറയേണ്ട ആദ്യ മലയാളി കണ്ണൂർ സ്വദേശിയായ മാനുവൽ ഫ്രെഡറിക്സാണ്. 1972ൽ മ്യൂണിക്ക് ഒളിമ്പിക്സിൽ വെങ്കലലവും 1973 നെതർലാൻഡ് ലോകകപ്പിൽ വെള്ളിയും നേടിയ ടീമുകളുടെ ഗോൾകീപ്പറായിരുന്ന അദ്ദേഹം കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്. വെങ്കല മെഡൽ നേടിയ 2020, 2024 ഒളിമ്പിക്‌സുകളിലും സ്വർണമെഡൽ നേടിയ 2014, 2022 ഏഷ്യൻ ഗെയിംസുകളിലും വെള്ളിമെഡൽ നേടിയ 2014, 2018 കോമൺവെൽത്ത് ഗെയിംസുകളിലും ഇന്ത്യൻ ടീമിന്റെ ഗോൾവലയം കാത്തത് മലയാളിയായ ശ്രീജേഷാണ്. പാരീസ് ഒളിമ്പിക്സിന് ശേഷം കളിക്കളത്തിൽ നിന്ന് വിരമിച്ച ശ്രീജേഷ് ഇപ്പോൾ ഇന്ത്യൻ ജൂനിയർ ടീമിന്റെ പരിശീലകനാണ്.
1926
ജൂൺ 26നാണ് ആദ്യമായി ഇന്ത്യൻ ഹോക്കി ടീം ഒരു അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്നത്. ക്രൈസ്റ്റ് ചർച്ചിൽ വച്ച് ന്യൂസിലാൻഡിന് എതിരെയായിരുന്നു ഈ മത്സരം. 5-2ന് ആദ്യ അന്താരാഷ്ട്ര വിജയവും ഈ മത്സരത്തിലൂടെ നേടി.
26-0
2018ൽ ഹോംഗ്കോംഗിനെതിരെ മറുപടിയില്ലാത്ത 26 ഗോളുകൾക്ക് ജയിച്ചതാണ് ഇന്ത്യൻ ഹോക്കി ടീമിന്റെ ഏറ്റവും വലിയ വിജയം. 2010ൽ ഓസ്ട്രേലിയയോട് മറുപടിയില്ലാത്ത എട്ടുഗോളുകൾക്ക് തോറ്റത് ഏറ്റവും വലിയ മാർജിനിലെ അന്താരാഷ്ട്ര പരാജയവും.
22
1928 മുതലുള്ള 22 ഒളിമ്പിക്സുകളിൽ ഇന്ത്യൻ ഹോക്കി ടീം പങ്കെടുത്തു. ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും അഭിമാനകരമായ കായിക ഇനം. എട്ട്സ്വർണങ്ങൾ,ഒരു വെള്ളി നാലു വെങ്കലങ്ങൾ.
ഒളിമ്പിക് സ്വർണങ്ങൾ
1928,1932,1936,1948,1952,1956,1964,1980
ഒളിമ്പിക് വെള്ളി
1960
ഒളിമ്പിക് വെങ്കലങ്ങൾ
1968,1972,2020,2024
ലോകകപ്പ് സ്വർണം
1975
ഏഷ്യൻ ഗെയിംസ് സ്വർണം
1964,1998,2014,2022
ഏഷ്യാകപ്പ് സ്വർണം
2003,2007,2017,2025
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |