
ന്യൂഡൽഹി : ലോകകപ്പ് റൺവേട്ടയിൽ നാലാംസ്ഥാനക്കാരിയാണെങ്കിലും സാങ്കേതികകാരണങ്ങളാൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മെഡൽ ലഭിക്കാതെപോയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗം പ്രതികാ റാവൽ കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ സ്വീകരണച്ചടങ്ങിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തത് മെഡലണിഞ്ഞ്. പ്രധാനമന്ത്രിക്കൊപ്പം മുൻനിരയിൽ നിന്ന പ്രതികയ്ക്ക് പിന്നിലുണ്ടായിരുന്ന സഹതാരം അമൻജോത് കൗറാണ് തന്റെ മെഡൽ നൽകിയത്. മെഡലില്ലാതെയാണ് അമൻജോത് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പരിക്കറ്റ കാലുമായി ഭക്ഷണമെടുക്കാൻ ബുദ്ധിമുട്ടിയ പ്രതികയ്ക്ക് പ്രധാനമന്ത്രിതന്നെ ഭക്ഷണമെടുത്ത് നൽകുകയും ചെയ്തു.
ന്യൂസിലാൻഡിന് എതിരായ ഗ്രൂപ്പ് മത്സരത്തിൽ സെഞ്ച്വറി നേടി ഇന്ത്യയെ സെമിയിലെത്തിക്കുന്നതിൽ നിർണായകപങ്ക് വഹിച്ച താരമാണ് പ്രതിക. എന്നാൽ പിന്നാലെ ബംഗ്ളാദേശിന് എതിരായ മത്സരത്തിൽ ഫീൽഡിംഗിനിടെ പ്രതികയുടെ കാൽക്കുഴയ്ക്ക് പരിക്കേറ്റു. ഇതോടെ തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാനാവില്ലെന്ന് ഉറപ്പായ പ്രതികയെ ഔദ്യോഗികമായി ഒഴിവാക്കിയില്ലെങ്കിൽ 15അംഗ സ്ക്വാഡിലേക്ക് മറ്റൊരു കളിക്കാരിയെ എടുക്കാനാകില്ലായിരുന്നു. ഇതോടെ പ്രതികയെ ഒഴിവാക്കി റിസർവ് ലിസ്റ്റിൽ ഇല്ലാതിരുന്ന ഷഫാലി വെർമ്മയെ 15 അംഗ ടീമിലെടുത്തു. ഫൈനലിലെ ആൾറൗണ്ട് പ്രകടനത്തോടെ ഷഫാലി ലോകകപ്പ് നേട്ടത്തിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.
ഐ.സി.സി ലോകകപ്പ് നേടിയ ടീമിലെ 15 അംഗങ്ങൾക്കാണ് മെഡൽ സമ്മാനിക്കുക. ടൂർണമെന്റിനിടെ ടീമിൽ നിന്ന് ഒഴിവാക്കിയാൽമെഡൽ നൽകില്ല. അതിനാൽതന്നെ സമ്മാനദാനവേദിയിൽ ഷഫാലിക്കാണ് മെഡൽ ലഭിച്ചത്. വീൽചെയറിൽ ഇരുന്ന് പ്രതിക റാവൽ സമ്മാനദാനച്ചടങ്ങിനെത്തിയിരുന്നു. തങ്ങൾക്ക് കിട്ടിയ മെഡലുകൾ സഹതാരങ്ങൾ പ്രതികയുടെ കഴുത്തിലണിയിക്കുകയും ചെയ്തിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ഓരോ സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയുമടക്കം 308 റൺസാണ് പ്രതിക നേടിയത്.
ഗില്ലസ്പിക്കും കിട്ടാത്ത മെഡൽ
2003 പുരുഷ ലോകകപ്പിൽ കിരീടം നേടിയ ഓസ്ട്രേലിയൻ ടീമിലെ പേസർ ജാസൺ ഗില്ലസ്പിക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. അന്ന് ഗില്ലസ്പിയെ നാലുമത്സരങ്ങളിൽ നിന്ന് എട്ടുവിക്കറ്റ് നേടിയപ്പോഴേക്കും പരിക്കുമൂലം ടീമിൽ നിന്ന് ഒഴിവാക്കേണ്ടിവന്നിരുന്നു.
ഹനുമാൻ ടാറ്റു സഹായിച്ചോ ?
കയ്യിൽ പച്ചകുത്തിയിരിക്കുന്ന ഹനുമാന്റെ രൂപം കളിയിൽ സഹായിച്ചോ എന്നാണ് പ്ളേയർ ഒഫ് ദ ടൂർണമെന്റായ ദീപ്തി ശർമ്മയോട് പ്രധാനമന്ത്രി ചോദിച്ചത്. ഉറപ്പായിട്ടും എന്നായിരുന്നു മറുപടി. പ്രധാനമന്ത്രി ചർമ്മത്തിന്റെ തിളക്കം സംരക്ഷിക്കാൻ എന്താണ് ചെയ്യുന്നതെന്നാണ് ഹർലീൻ ഡിയോൾ ചോദിച്ചപ്പോൾ തനത് ശ്രദ്ധിക്കാറില്ലെന്നും ജനങ്ങളുടെ പ്രാഥനയാണ് തന്റെ തിളക്കത്തിന് കാരണമെന്നും പ്രധാനമന്ത്രി മറുപടി നൽകി.
രാഷ്ട്രപതിയേയും സന്ദർശിച്ചു
ലോകകപ്പുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഇന്നലെ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയേയും സന്ദർശിച്ചു. ഇന്ത്യൻ ടീമംഗങ്ങൾ ഒപ്പിട്ട ജഴ്സിയും സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |