
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ ഹൈക്കോടതി പരാമർശത്തെ തുടർന്ന് വീണ്ടും വാർത്തകളിൽ നിറയുന്ന സുഭാഷ്ചന്ദ്ര കപൂറിന്റെ (75) പതനത്തിനു കാരണം സിംഗപ്പൂർ കാമുകിയുമായുള്ള ബ്രേക്കപ്പ്. രാജ്യാന്തര വിഗ്രഹ മോഷ്ടാവായ ഇയാൾ പകൽസമയത്ത് മാന്യനായി വിലസിയിരുന്നു. അതിനിടെ കാമുകി ഗ്രേസുമായി പിണങ്ങി. തുടർന്ന് യു.എസ് അധികൃതർക്ക് അവൾ അയച്ച കത്തുകളാണ് സുഭാഷ് കപൂറിനെ കുടുക്കിയത്.
യു.എസ് കസ്റ്റംസ് ആൻഡ് ഇമിഗ്രേഷന്റെ നോട്ടപ്പുള്ളിയായി മാറിയ സുഭാഷ് കപൂറിനെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ 2011ൽ ജർമ്മൻ പൊലീസാണ് ഫ്രാങ്ക്ഫർട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. 2012ൽ ഇന്ത്യയ്ക്ക് കൈമാറിയ സുഭാഷ് കപൂറിനെ, തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജയിലിലടച്ചു.
അരിയലൂർ വരദരാജ പെരുമാൾ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്തിയതിനാണ് 10 വർഷം തടവിനു ശിക്ഷിച്ചത്. മറ്റ് നാല് മോഷണക്കേസുകളിൽ വിചാരണ പൂർത്തിയാകാനുണ്ട്. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരനാണ് കപൂർ. 2500 പുരാവസ്തുക്കളുമായി ഇയാൾ യു.എസിലെ മാഡിസൺ അവന്യൂവിൽ ആർട് ഗ്യാലറിയും നടത്തിയിരുന്നു. 1250 കോടി രൂപ വിലമതിക്കുന്ന വസ്തുക്കളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ കവർച്ച നടന്നു. കപൂർ പിടിയിലായതോടെ 307 ഇന്ത്യൻ പുരാവസ്തുക്കൾ യു.എസ് കണ്ടെടുത്തു. മിക്കതും ഇന്ത്യക്ക് തിരികെ നൽകി.
കാമുകി ഗ്രേസ് പുനുസാമി
സിംഗപ്പൂരിലെ ജാസ്മിൻ ഏഷ്യൻ ആർട്സ് ഗ്യാലറിയുടെയും ഡൽഹൗസീ എന്റർപ്രൈസസിന്റെയും ഉടമ ഗ്രേസ് പുനുസാമി ആയിരുന്നു സുഭാഷ് കപൂറിന്റെ കാമുകി. ഏതാനും പുരാവസ്തുക്കളുടെ വീതം വയ്പിൽ തർക്കമുണ്ടാവുകയും കോടതി കയറുകയും ചെയ്തതോടെയാണ് ഇവർ തെറ്റിയത്. 10 വർഷത്തെ പ്രണയബന്ധം 2008ൽ അവസാനിച്ചു.
സർട്ടിഫിക്കറ്റ് ചമയ്‌ക്കാൻ ഗൂഢസംഘം
സുഭാഷ് കപൂർ പുരാവസ്തുക്കളുടെ മോഷണം പ്ലാൻ ചെയ്തതെങ്ങനെയെന്ന് തമിഴ്‌നാട് പൊലീസ് കണ്ടെത്തിയിരുന്നു. ശിങ്കിടികൾ ഇവ കൈക്കലാക്കിയാൽ ചരക്കു ലോറിയിൽ സംസ്ഥാന അതിർത്തി കടത്തി രഹസ്യ കേന്ദ്രങ്ങളിലെത്തിക്കും. സാധാരണ കരകൗശല വസ്തുക്കളുടെ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചായിരുന്നു കയറ്രുമതി. വിദേശത്ത് പുരാവസ്തുക്കളുടെ സർട്ടിഫിക്കറ്റ് ചമയ്‌ക്കാൻ ഗൂഢസംഘമുണ്ട്. ഇതു കാണിച്ചാണ് വിറ്റഴിച്ചിരുന്നത്. വിഗ്രഹങ്ങളുടെ സ്ഥാനവും മൂല്യവും അറിയാൻ ഇയാൾ ചരിത്രകാരന്മാരെയും ദുരുപയോഗം ചെയ്തിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ശബരിമലയിലെ സ്വർണം കവർച്ച ചെയ്തത് സുഭാഷ് കപൂറിന്റെ 'മോഡസ് ഓപ്പറാൻഡി"ക്കു സമാനമാണെന്നാണ് ഹൈക്കോടതി പരാമർശിച്ചത്. ഒറിജിനൽ കലാരൂപങ്ങൾ മാറ്റിവച്ച് പകരം ഡ്യൂപ്ലിക്കേറ്റ് സമർപ്പിക്കുന്ന രീതിയും പോറ്റി നടപ്പാക്കിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
കപൂറിന്റെ ഓപ്പറേഷൻ:
1. ക്ഷേത്ര ജീവനക്കാരെ കോഴ നൽകി സ്വാധീനിക്കും. വിഗ്രഹങ്ങളുടെ പകർപ്പ് നൽകി ഒറിജിനൽ കടത്തും.
2. കോഴ ഫലിച്ചില്ലെങ്കിൽ പ്രാദേശിക മോഷ്ടാക്കളെ കണ്ടെത്തും. അരലക്ഷം രൂപ വരെ നൽകി പുരാവസ്തു കവരും.
3. പൂജ മുടങ്ങിക്കിടക്കുന്നതും സുരക്ഷയില്ലാത്തതുമായ ക്ഷേത്രങ്ങളിൽ നിന്ന് അനുയായികൾ വഴി വിഗ്രഹം കടത്തും.
ആഗോള പുരാവസ്തു/കലാസൃഷ്ടി കള്ളക്കടത്തിന്റെ വില വ്യാപ്തി: വർഷം 50,000 കോടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |