
ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും പ്രകൃതിഭംഗിയുടെയും സംഗമഭൂമിയായ ക്ഷേത്രം . അതാണ് എറണാകുളം ജില്ലയിൽ പെരുമ്പാവൂർ അടുത്ത് മേതലയിലെ കല്ലിൽ ഭഗവതി ക്ഷേത്രം.ദുർഗാദേവിയാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്‌ഠ . അയ്യായിരം വർഷത്തോളം പഴക്കമുണ്ട് എന്ന് കരുതുന്ന ദേവീ ക്ഷേത്രമാണിത് . പേര് സൂചിപ്പിക്കും പോലെ വലിയൊരു കയറ്റത്തിന് മുകളിൽ പാറക്കല്ലിനോട് ചേർന്നാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് .
കാടുകൾക്കിടയിൽ ഭംഗിയായി പണികഴിപ്പിച്ച 120ഓളം പടികൾ കയറിവേണം ക്ഷേത്രത്തിലേക്കെത്താൻ . ക്ഷേത്രനടയിലേക്ക് കയറുംമുൻപ് കരിങ്കല്ലിൽ തീർത്ത ആനക്കൊട്ടിലും കാണാം . വലിയൊരു ഗുഹക്കുള്ളിലാണ് ശ്രീകോവിലുള്ളത് എന്നതിനാൽ ദേവിയെ തൊഴുത് പ്രദക്ഷിണം ചെയ്യുമ്പോൾ ഭക്തർ ആ ഭീമൻ കല്ലിനെക്കൂടി വലയം വയ്‌ക്കുന്നു . പൂർണപ്രദക്ഷിണം വയ്‌ക്കാൻ ക്ഷേത്രത്തിന്റെ രൂപഘടനയിലെ പ്രത്യേകത കൊണ്ട് കഴിയില്ല .
ക്ഷേത്രം സ്ഥിതിചെയ്യുന്ന കാട്ടിനുള്ളിൽ ഒരു സ്‌ത്രീ ഒരിക്കൽ കല്ലുകൾ കൊണ്ട് അമ്മാനമാടി കളിക്കുന്നത് പ്രദേശവാസികൾ കണ്ടു . ആളുകൾ അടുത്തേക്ക് വന്നതും സ്‌ത്രീ അപ്രത്യക്ഷയായി . കല്ലുകളാകട്ടെ ക്ഷേത്രത്തിലെ ഇരിപ്പിടവും മേൽക്കൂരയും ആയിമാറി എന്ന് കഥകൾ. അതേസമയം ഒൻപതാം നൂറ്റാണ്ടിൽ ജൈനന്മാരാണ് ഇന്ന് കാണുന്നതരത്തിൽ ക്ഷേത്രം പണിതതെന്നാണ് പറയപ്പെടുന്നത് . ആ കണക്ക് നോക്കിയാലും 1200 വർഷത്തിലധികം പഴക്കം നിലവിലെ ക്ഷേത്രത്തിനുണ്ട് .
ജൈനമതത്തിലെ പദ്‌മാവതി ദേവിയാണ് പിന്നീട് കല്ലിൽ ഭഗവതിയായതെന്ന് പറയപ്പെടുന്നു . സ്ഥലത്ത് പാർശ്വനാഥൻ, മഹാവീരൻ എന്നീ തീർത്ഥങ്കരന്മാരുടെ പ്രതിഷ്‌ഠ പിന്നീട് പരമശിവനും മഹാവിഷ്‌ണുവുമായി മാറിയെന്നും കഥ . ശാസ്‌താവ്, ഗണപതി, കരിനാഗയക്ഷി എന്നിങ്ങനെ ഉപദേവതകളുമുണ്ട് . ചൂൽനേർച്ച, കൽനേർച്ച എന്നിങ്ങനെ വഴിപാടുകളും കഴിക്കാനാകും . മുടിവളരാനും വീടുപണി നടക്കാത്തതുപോലെ കുടുംബപ്രശ്‌നങ്ങൾ അകറ്റാനുമാണ് ഈ നേർച്ചകൾ നടത്തുന്നത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |