
ന്യൂഡൽഹി: ദേശീയ സുരക്ഷയുമായി ബന്ധപ്പെടുന്ന ആണവ പരീക്ഷണം പോലുള്ള കാര്യങ്ങളിൽ ഇന്ത്യയ്‌ക്കുമേൽ സമ്മർദം ചെലുത്താൻ മറ്റൊരു രാജ്യത്തിനും കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ മാത്രം അടിസ്ഥാനമാക്കിയാണ് സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദമായി സംസാരിച്ച അദ്ദേഹം പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാറിനുപിന്നിൽ മൂന്നാം കക്ഷികളുടെ ഇടപെടൽ ഉണ്ടെന്ന വാദം തള്ളിക്കളഞ്ഞു. അമേരിക്കയും പാകിസ്ഥാനും തമ്മിൽ ആണവ പരീക്ഷണ സാദ്ധ്യതകൾ ചർച്ചചെയ്യുന്നതിനോടുള്ള ഇന്ത്യയുടെ നിലപാടും അദ്ദേഹം വ്യക്തമാക്കി.
'ഇന്ത്യ എന്തായിരിക്കും ചെയ്യുന്നതെന്ന് ഭാവിയിൽ മനസിലാകും. പാകിസ്ഥാനും അമേരിക്കയും ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യയെ സമ്മർദത്തിലാക്കില്ല. അവർ എന്താണോ ചെയ്യാൻ ആഗ്രഹിക്കുന്നത് അത് ചെയ്യട്ടെ. ഇന്ത്യയും ശരിയായ കാര്യങ്ങൾ ശരിയായ സമയത്ത് ചെയ്‌തിരിക്കും'-രാജ്നാഥ് സിംഗ് പറഞ്ഞു.
നിയന്ത്രണ രേഖയിൽ ഇന്ത്യ ഉദ്ദേശിച്ച ലക്ഷ്യങ്ങൾ നേടിയതിനുശേഷം മാത്രമാണ് ഓപ്പറേഷൻ നിർത്തിവച്ചതെന്ന് പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. 'പാകിസ്ഥാൻ ഡിജിഎംഒയിൽ നിന്ന് വെടിനിർത്തൽ ആവശ്യപ്പെട്ട് ആവർത്തിച്ചുള്ള ഫോൺ കോളുകൾ വന്നിരുന്നു. എന്നാൽ, ഞങ്ങൾ ആഗ്രഹിച്ചത് നേടിയതിനുശേഷം മാത്രമാണ് ദൗത്യം അവസാനിപ്പിച്ചത്. ആവശ്യമെങ്കിൽ ഇനിയും ഞങ്ങൾ ദൗത്യം തുടരും'. രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ സേന തീവ്രവാദികളെ മാത്രമാണ് ആക്രമിച്ചതെന്നും പൗരന്മാർ ആക്രമിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |