
കൊച്ചി: ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലേക്ക് തിമിംഗില ഛർദ്ദി ( ആംബർഗ്രീസ്) കടത്തുന്ന മുഖ്യപ്രതിയെ വനംവകുപ്പ് അറസ്റ്റുചെയ്തു. ലക്ഷദ്വീപ് കൽപ്പേനി സ്വദേശി മുഹമ്മദ് തസ്‌ലീമിനെയാണ് (22) മേക്കപ്പാല ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ദിദീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ നാലുമാസത്തിനിടെ മട്ടാഞ്ചേരി, തോപ്പുംപടി ഭാഗങ്ങളിൽനിന്ന് വനംവകുപ്പ് പിടികൂടിയ കോടിക്കണക്കിനുരൂപ വിലമതിക്കുന്ന ഒന്നരക്കിലോ ആംബർഗ്രീസ് ലക്ഷദ്വീപിൽനിന്ന് കടത്തിയത് ഇയാളുടെ നേതൃത്വത്തിലാണ്. ലക്ഷദ്വീപിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രാകപ്പലുകളിലാണ് കടത്തിക്കൊണ്ടുവരുന്നതെന്ന് ഇയാളുടെ മൊഴിയെത്തുടർന്ന് പ്രതിയുമായി എറണാകുളം വാർഫിലും പരിസരത്തും ഇന്നലെ തെളിവെടുപ്പ് നടത്തി.
കഴിഞ്ഞദിവസം കലൂരിൽ നിന്നാണ് മുഹമ്മദ് തസ്‌ലീമിനെ കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് രണ്ടിന് ഫോർട്ടുകൊച്ചി സ്വദേശി സുഹൈൽ, കൽപ്പേനി സ്വദേശി സുഹൈൽ എന്നിവരെ രണ്ടരക്കോടി വിലവരുന്ന ഒരുകിലോ ആംബർഗ്രീസുമായി അറസ്റ്റുചെയ്തിരുന്നു. ഇതിനൊപ്പം കടത്തിയ അരക്കിലോ ആംബർഗ്രീസാണ് കഴിഞ്ഞയാഴ്ച തോപ്പുംപടിയിൽ എക്സൈസ് പിടികൂടിയത്. ഈ കേസിൽ ജെറിൻ എന്നയാളെ സംഭവസ്ഥലത്തും മറ്റൊരു പ്രതി മുഹമ്മദ് സുഹൈലിനെ കോഴിക്കോടുവച്ചും വനംവകുപ്പ് അറസ്റ്റുചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളാണ് മുഹമ്മദ് തസ്‌ലീമിലേക്ക് നയിച്ചത്.
ലക്ഷദ്വീപ് തീരത്തടിയുന്ന ആംബർഗ്രീസാണ് കൊച്ചിയിലേക്ക് കടത്തിക്കൊണ്ട് വന്നതെന്നാണ് ഇയാൾ വനംവകുപ്പിന് നൽകിയ മൊഴി. സുരക്ഷാസന്നാഹങ്ങൾ മറികടന്ന് ലക്ഷദ്വീപ് കപ്പലുകളിൽ എങ്ങനെയാണ് ആംബർഗ്രീസ് സുരക്ഷിതമായി കടത്തിക്കൊണ്ട് വരുന്നതെന്ന് കാര്യത്തിൽ കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തും. പശ്ചിമകൊച്ചിയിലെത്തുന്ന ആംബർഗ്രീസ് ഏജന്റുമാർ മുഖേനയാണ് വിതരണം ചെയ്യുന്നത്. വനംവകുപ്പ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജിമ്മീസ് സ്കറിയ, വി.ആർ. ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എ, അനസ്, കെ.എം. അനസ്, അനൂപ് വാസു, നിന്റു പി. സോമൻ, വിനീഷ് പി. വിജയകുമാർ, സി.കെ. അനുമോൾ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |