
കൊച്ചി: ഇന്ത്യൻ സമുദ്രത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിലും ആഴക്കടലിലും ഇടത്തരം,വൻകിട മത്സ്യബന്ധന കപ്പലുകൾക്ക് അനുമതി നൽകുന്നത് വേഗത്തിലാക്കി കേന്ദ്രസർക്കാർ. മത്സ്യോത്പാദനത്തിൽ ലോകത്ത് ഒന്നാമനാകുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളാണ് കപ്പലുകൾ പ്രവർത്തിപ്പിക്കുക.
രണ്ട് ദശലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ളതാണ് ഇന്ത്യൻ സമുദ്രത്തിലെ പ്രത്യേക സാമ്പത്തികമേഖല. തീരത്തുനിന്ന് 200 നോട്ടിക്കൽമൈൽവരെ മത്സ്യബന്ധനമാണ് ലക്ഷ്യം. നിലവിൽ 60 നോട്ടിക്കൽ മൈലിലാണ്. 25 മീറ്ററിന് മുകളിൽ വലിപ്പമുള്ള യാനങ്ങൾ സഹകരണസംഘങ്ങൾക്ക് നൽകും. ഇതിനുശേഷം 200 നോട്ടിക്കൽ മൈലിന് പുറത്തെ ആഴക്കടലിലും അനുമതിയുണ്ട്.
മത്സ്യബന്ധനം,സംസ്കരണം,വിപണനം എന്നിവയിൽ സഹകരണ സംഘം അംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് വിദഗ്ദ്ധപരിശീലനം നൽകും. പിടിയ‌്ക്കുന്ന മത്സ്യം സംസ്കരിക്കാൻ സംവിധാനമുള്ള കപ്പലുകളാണ് സംഘങ്ങൾക്ക് നൽകുന്നത്. പുതിയ തുറമുഖങ്ങൾ,സംസ്കരണ-ശീതീകരണ കേന്ദ്രങ്ങൾ എന്നിവ നിർമ്മിക്കുക,നിലവിലെ തുറമുഖങ്ങളുടെ വികസനം തുടങ്ങിയ പദ്ധതിയുണ്ട്.
നിലവിലെ യാനങ്ങൾക്കിത്
പ്രതിസന്ധി
ഉപജീവനത്തിലും ചെറുകിടമേഖലയിലും കേന്ദ്രീകൃതമാണ് ഇന്ത്യയിലെ മത്സ്യബന്ധനമേഖലയെന്നത് പരിഗണിക്കാതെയാണ് കേന്ദ്ര തീരുമാനമെന്ന് തൊഴിലാളി സംഘടനകൾ. സുസ്ഥിര മത്സ്യബന്ധനത്തിന് ആവശ്യമായതിന്റെ മൂന്നരയിരട്ടി യാനങ്ങൾ നിലവിലുണ്ട്. മത്സ്യലഭ്യത കുറയുന്ന സാഹചര്യത്തിൽ വൻകിടകപ്പലുകൾ വർദ്ധിക്കുന്നതോടെ നിലവിലെ യാനങ്ങൾക്കിത് പ്രതിസന്ധിയാകുമെന്നും അവർ പറയുന്നു.
ബ്ളൂ ഇക്കോണമിക്ക്
അനിവാര്യം
സമുദ്രവിഭവങ്ങൾ പ്രയോജനപ്പെടുത്തുന്ന ബ്ലൂ ഇക്കോണമിയിൽ നേട്ടം കൈവരിക്കാൻ വൻകിടയാനങ്ങൾ ആവശ്യമെന്ന് ശാസ്ത്രജ്ഞർ. സംസ്കരണം ഉൾപ്പെടെ സംവിധാനങ്ങളുള്ള യാനങ്ങൾ നിയന്ത്രണങ്ങളോടെ അനുവദിക്കാമെന്നും ഇവർ പറയുന്നു.
സഹകരണ സംഘങ്ങൾ രൂപീകരിച്ചാൽ കേരളത്തിലും കപ്പലുകൾക്ക് വായ്പ ഉൾപ്പെടെ സഹായം നൽകും
-ജോർജ് കുര്യൻ
കേന്ദ്ര ഫിഷറീസ് സഹമന്ത്രി
സഹകരണ മേഖലയുടെ മറവിൽ മേഖലയെ കുത്തകകൾക്ക് കൈമാറാനാണിത്.
-ചാൾസ് ജോർജ്,
പ്രസിഡന്റ്,
കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |