
തിരുവനന്തപുരം: ടൂറിസം മേഖലയിൽ വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി 4 ശതമാനം പലിശ സബ്സിഡി നൽകാൻ സർക്കാർ തീരുമാനം. ടൂറിസം മേഖലയിൽ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ നൽകുന്ന വായ്പകൾക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ഇന്ററസ്റ്റ് സബ് വെൻഷൻ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി.
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി.
പരമാവധി ₹15 ലക്ഷം വരെ
കേരള വനിതാ വികസന കോർപ്പറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്തവർക്കും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നൽകുന്നത്.
വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് 4 ശതമാനം പലിശ സബ്സിഡി ലഭ്യമാകുക.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ, ജനറൽ വിഭാഗക്കാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും 4 ശതമാനം സബ്സിഡി ലഭിക്കും.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്റെ ടൂറിസം മേഖലയിൽ കൂടുതൽ വനിതാ സംരംഭകർക്ക് കടന്നുവരാൻ ഈ പദ്ധതി പ്രോത്സാഹനമാകും
പി.എ മുഹമ്മദ് റിയാസ്
ടൂറിസം മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |