
തൃശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തി. ഗുരുവായൂരപ്പനെ തൊഴുത് അദ്ദേഹം കാണിക്കയും അർപ്പിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയ്ക്കായി 15 കോടി രൂപയുടെ ചെക്കും കൈമാറിയ ശേഷമായിരുന്നു അംബാനിയുടെ മടക്കം.
ഇന്ന് രാവിലെ ഏഴരയോടെയാണ് ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ അംബാനി ഗുരുവായൂർ ദർശനത്തിന് എത്തിയത്. ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍, ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ദേവസ്വം ചെയര്‍മാന്‍ മുകേഷ് അംബാനിയെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഇന്ന് പൊതുഅവധി ദിനമായതിനാൽ സ്പെഷ്യൽ ദർശന നിയന്ത്രണം ഉളളതുകൊണ്ട് 25 പേർക്കായി നെയ്യ് വിളക്ക് വഴിപാട് ബുക്ക് ചെയ്തതിന് ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചത്. ദേവൻമാരെയും തൊഴുത് എത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയർമാൻ കളഭവും, ഗുരുവായൂരപ്പന്റെ പ്രസാദവും നൽകി. ശേഷം ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രവും സമ്മാനിച്ചു.
ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണസമിതി അംഗം സി മനോജ് എന്നിവർ ചേർന്ന് നിർദ്ദിഷ്ട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും അംബാനിക്ക് സമർപ്പിച്ചു. എന്ത് സഹായവും നൽകാമെന്ന ഉറപ്പ് അംബാനിയും നൽകി. ആശുപത്രി നിർമാണത്തിനായി 15 കോടി രൂപയുടെ ചെക്ക് അംബാനി ദേവസ്വത്തിന് കൈമാറി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടുമണിയോടെയായിരുന്നു മുകേഷ് അംബാനിയുടെ ഗുരുവായൂരിൽ നിന്നുള്ള മടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |