
ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് രംഗത്തെ കേരളത്തിന്റെ അഭിമാന താരങ്ങളാണ് ഭോപ്പാലിൽ ബൈക്ക് അപകടത്തിൽ മരിച്ച നാവികസേന ഉദ്യോഗസ്ഥരായ വിഷ്ണുരഘുനാഥും അനന്തകൃഷ്ണനും. മത്സരങ്ങൾ കഴിഞ്ഞ് സ്വർണമെഡലുകളുമായി നാടണഞ്ഞിരുന്ന ഇവർ, അവസാനമായി തിരിച്ചെത്തുന്നുവെന്ന തിരിച്ചറിവിൽ നീറുകയാണ് ജന്മനാട്.
കായികരംഗത്തെ മികവുകൊണ്ട് നാവികസേനയുടെ ഭാഗമായവരാണ് വിഷ്ണുവും അനന്തുവും. ഇരുവരെയും കുറിച്ച് നാടിന് പറയാനുള്ളത് നേട്ടങ്ങളുടെ പട്ടിക മാത്രം. കർഷകനായ തോട്ടുവാത്തല സ്വദേശി രഘുനാഥിനും ഭാര്യ ജീജാമോൾക്കും ജീവിതത്തിലെ വലിയ പ്രതീക്ഷയായിരുന്നു വിഷ്ണു. സായിയുടെ (സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യ) മുൻ റോവിംഗ് താരമായിരുന്ന അമ്മ ജീജാമോളുടെ പാതയിലാണ് വിഷ്ണു കായികരംഗത്തെത്തിയത്. ആലപ്പുഴ തിരുവമ്പാടി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. കായികരംഗത്തെ പ്രാവീണ്യം ആലപ്പുഴ സായിലേക്ക് നേരിട്ട് പ്രവേശനം ഉറപ്പിച്ചു. ദേശീയമത്സരങ്ങളിലടക്കം സ്ഥിരം പങ്കാളിത്തമറിയിച്ചു. ഒരുമാസം മുമ്പ് ഭോപ്പാലിൽ നടന്ന കനോയിംഗ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണമെഡൽ നേടിയിരുന്നു. മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് സംസ്കാരം.
അച്ഛന് നേടാൻ കഴിയാതെ പോയതെല്ലാം സാക്ഷാത്കരിച്ച യുവാവായിരുന്നു നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി- രഞ്ജിനി ദമ്പതികളുടെ മകൻ ഐ.എ.അനന്തകൃഷ്ണൻ. സംസ്ഥാന സ്കൂൾ മീറ്റിൽ നീന്തൽ താരമായിരുന്നു അജിത്ത് രവി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ രണ്ടാം പങ്കായക്കാരൻ കൂടിയായ അജിത്ത് തന്റെ പരിമിതികൾക്കപ്പുറം നിന്നാണ് മക്കളെ കായികരംഗത്ത് വളരാൻ പ്രോത്സാഹിപ്പിച്ചിരുന്നതെന്ന് അനന്തുവിന്റെ മുൻ പരിശീലകൻ സുനിൽ പറയുന്നു.പുലർച്ചെ അനുജനൊപ്പം വള്ളത്തിൽ കൈനകരിയിലെ സ്വകാര്യ പരിശീലന കേന്ദ്രത്തിലെത്തി പ്രാക്ടീസ് ചെയ്ത് ശേഷമാണ്
അനന്തു കുട്ടമംഗലം എസ്.എൻ.ഡി.പി സ്കൂളിലേക്ക് പോയിരുന്നത്.സ്കൂൾ കഴിഞ്ഞ് നേരെ എത്തിയിരുന്നതും പരിശീലന കേന്ദ്രത്തിലേക്കായിരുന്നു.ഇവിടെ നിന്നാണ് സായിലേക്ക് അനന്തുവിന് പ്രവേശനം ലഭിച്ചത്.ദേശീയ ചാമ്പ്യൻഷിപ്പിൽ ജൂനിയർ പുരുഷ വിഭാഗം 5000 മീറ്റർ കനോയിംഗ് സിംഗിളിൽ ഒരിക്കൽ പോലും കേരളം വിജയിച്ചിട്ടില്ലെന്ന പോരായ്മ കഴിഞ്ഞ വർഷം നികത്തിയത് അനന്തുവായിരുന്നു.ആ സ്വർണമെഡലാണ് നാവികസേനയിൽ ജോലി നൽകിയത്. പരിശീലനം കഴിഞ്ഞ് ജോലിക്ക് പ്രവേശിക്കും മുൻപ് രണ്ടുമാസം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്.ശനിയാഴ്ചയും വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. പ്രളയത്തിൽ തകർന്ന ശേഷം പുതുക്കി പണിത വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |