
ചെന്നൈ: അടുത്ത ഐപിഎല്‍ സീസണില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ വിടുമെന്ന് ഏറെക്കുറെ ഉറപ്പായി. രാജസ്ഥാന്‍ റോയല്‍സ് ക്ലബ്ബ് തങ്ങളുടെ ക്യാപ്റ്റനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കൈമാറിയെന്നാണ് വിവരം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളില്‍ ഒന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നുവെന്നാണ് സൂചന. സഞ്ജുവിനെ വിട്ടുനല്‍കിയ രാജസ്ഥാന്‍ പകരമായി രണ്ട് താരങ്ങളെയാണ് ചെന്നൈയില്‍ നിന്ന് റോയല്‍സിലേക്ക് എത്തിക്കുന്നത്.
ആദ്യ സീസണില്‍ രാജസ്ഥാന്‍ കിരീടം നേടിയപ്പോള്‍ ടീമിന്റെ ഭാഗമായിരുന്ന രവീന്ദ്ര ജഡേജയാണ് റോയല്‍സ് സഞ്ജുവിനെ നല്‍കി ചെന്നൈയില്‍ നിന്ന് വാങ്ങിയത്. ഇതിന് പുറമേ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനേയും സഞ്ജുവിന് പകരമായി ജഡേജയ്ക്ക് പുറമേ ചെന്നൈ വിട്ടുനല്‍കിയെന്നാണ് സൂചന. എന്നാല്‍ താര കൈമാറ്റം സംബന്ധിച്ച് ഇതുവരേയും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ട്രേഡിങ് പൂര്‍ത്തിയാകണമെങ്കില്‍ സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടക്കേണ്ടതുണ്ട്. ട്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളുടെയും പേര് ഉള്‍പ്പെടുത്തി രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് താല്‍പ്പര്യ പത്രം അയയ്ക്കണം. ട്രേഡിങ് നിയമങ്ങള്‍ അനുസരിച്ച്, താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചുകഴിഞ്ഞാല്‍, ഫ്രാഞ്ചൈസികള്‍ക്ക് അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താം. അക്കാര്യവും ഗവേണിങ് കൗണ്‍സില്‍ അംഗീകരിക്കണം.
നേരത്തെ താര കൈമാറ്റം സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സഞ്ജുവിനെ വിട്ട് നല്‍കുന്നതിന് പകരമായി ജഡേജയ്ക്ക് പുറമേ ദക്ഷിണാഫ്രിക്കന്‍ യുവതാരം ഡിവാള്‍ഡ് ബ്രെവിസിനെ കൂടി റോയല്‍സ് ആവശ്യപ്പെട്ടെങ്കിലും ഇതിന് സൂപ്പര്‍ കിംഗ്‌സ് തയ്യാറായില്ല. ഇതോടെയാണ് ചര്‍ച്ചകള്‍ സാം കറനിലേക്ക് എത്തിയത്. അധികം വൈകാതെ ട്രേഡിങ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കുമെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |