
ദേശീയ വിദ്യാഭ്യാസ നയം 2020 ലെ ശുപാർശയനുസരിച്ച് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. ആഗോള സർവകലാശാല റാങ്കിംഗിൽ ആദ്യ അഞ്ഞൂറിനുള്ളിൽ വരുന്ന സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാം. ഇത്തരം ക്യാമ്പസുകൾക്ക് സ്വയംഭരണാധികാരം, ഫീസ് നിശ്ചയിക്കുവാനുള്ള അവകാശം, ഭരണനിർവഹണം, നിയന്ത്രണാധികാരം, കോഴ്‌സുകൾ കണ്ടെത്തൽ എന്നിവ ബില്ലിൽ ഉൾപ്പെടുത്തിയീട്ടുണ്ട്.
ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചവയിൽ അമേരിക്ക, യു.കെ, യൂറോപ്യൻ, സിംഗപ്പൂർ, ചൈനീസ്, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സർവകലാശാലകളുണ്ട്. തുടക്കത്തിൽ 10 വർഷത്തേക്കാണ് അനുമതി നൽകുന്നത്. കാലയളവ് പിന്നീട് വർധിപ്പിച്ചു നൽകും. രാജ്യത്തെ വിദ്യാർത്ഥികളോടൊപ്പം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും അഡ്മിഷൻ നൽകാം. അദ്ധ്യാപകരെ രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും തിരഞ്ഞെടുക്കാം. ഓൺലൈൻ, വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ തുടങ്ങാൻ അനുമതിയില്ല.
കാലത്തിനൊത്ത ന്യൂജൻ കോഴ്‌സുകൾ, മികച്ച അക്കാഡമിക് ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം, സാങ്കേതികവിദ്യ, പഠനത്തോടൊപ്പമുള്ള തൊഴിൽ, പ്ലേസ്‌മെന്റ് സൗകര്യം, നിരവധി ലോകോത്തര സർവകലാശാലകളുമായുള്ള ട്വിന്നിംഗ്, ജോയിന്റ്/ഡ്യൂവൽ ബിരുദ പ്രോഗ്രാമുകൾ എന്നിവ വിദേശ സർവകലാശാലകളുടെ സവിശേഷതകളാണ്. ഹാർവാർഡ്, ഓക്‌സ്‌ഫോർഡ് തുടങ്ങിയ ലോകോത്തര സർവകലാശാലകളുടെ കാമ്പസ് വരുന്നതോടെ ഉന്നത വിദ്യാഭ്യാസ ഗുണനിലവാരം ഉയരും. ഇന്ത്യയിലെ സർവകലാശാലകൾക്ക് മത്സരബുദ്ധിയോടെ പ്രവർത്തിക്കേണ്ടിവരും. ഇത് ആഗോള നിലവാരത്തിലേക്ക് ഇന്ത്യൻ സർവകലാശാലകളെ ഉയർത്തും.
കടൽ കടക്കുന്നത് ഒരു ലക്ഷം കോടി രൂപ
...........................................
വിദേശ പഠനത്തിന് താത്പര്യപ്പെടുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനും കുറഞ്ഞ ചെലവിൽ വിദേശ സർവകലാശാലാ കോഴ്‌സുകൾ ഇന്ത്യയിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഈ നീക്കം നടത്തുന്നത്.
പ്രതിവർഷം 11 ലക്ഷത്തോളം വിദ്യാർത്ഥികളാണ് വിദേശ സർവകലാശാലകളിലെത്തുന്നത്. ഇതിലൂടെ ഒരു ലക്ഷം കോടി രൂപയാണ് ഓരോ വർഷവും വിദേശത്തേക്കൊഴുകുന്നത്.
വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം പൂർണമായി കുറയ്ക്കാൻ സാധിക്കില്ല. പഠനത്തിനപ്പുറം വിദ്യാർത്ഥികളാഗ്രഹിക്കുന്നത് വിദേശ ജീവിതവും അവിടെ തൊഴിൽ ലഭിക്കാനുള്ള അവസരങ്ങളുമാണ്. ഇന്ത്യയിലെ ക്യാമ്പസുകളിൽ ലഭിക്കാവുന്ന വിദേശ ഫാക്കൽറ്റികളുടെ എണ്ണവും പരിമിതമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഭൗതിക സൗകര്യത്തിന്റെ കാര്യത്തിലും പരിമിതികളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |