ചെന്നൈ: സഞ്ജു സാംസൺ നായകനായ ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റം ക്ലൈമാക്സിലേക്ക്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടൻ സഞ്ജു സാംസൺ അടുത്ത സീസണിൽ സാക്ഷാൽ ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിക്കുമെന്ന് ധാരണയായെന്നാണ് വിവരം. ഐ.പി.എൽ ലേലത്തിന് മുമ്പ് ട്രേഡിംഗിലൂടെ രവീന്ദ്ര ജഡേജയേയും സാം കറനേയും രാജസ്ഥാന് നൽകി സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനാണ് ചെന്നൈയുടെ നീക്കം. ഇത് സംബന്ധിച്ച് അന്തിമ ധാരണയായെന്ന് അറിയുന്നു.
എന്നാൽ ഇരു ഫ്രാഞ്ചൈസികളും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജഡേജ സമ്മതം മൂളിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ടീമുകളും താരങ്ങളും തമ്മിൽ ധാരണയായാലും ഐ.പി.എൽ ഗവേണിംഗ് കൗൺസിലിന്റെ അംഗീകാരം ഉൾപ്പെടെയുള്ല നടപടിക്രമങ്ങൾ കൂടിയുണ്ട്.
കഴിഞ്ഞ സീസൺ മുതലാണ് രാജസ്ഥാൻ മാനേജ്മെന്റും സഞ്ജുവും തമ്മിലുള്ള ബന്ധം വഷളാകുന്നത്. കഴിഞ്ഞയിടെ ടീം വിടാൻ അനുവദിക്കണമെന്ന് സഞ്ജു മാനേജ്മെന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് ചർച്ചകൾ വന്നത്. ചെന്നൈക്കൊപ്പം ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളും സഞ്ജുവിനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ കാര്യങ്ങൾ ചെന്നൈക്ക് അനുകൂലമയി. ജഡേജയ്ക്കൊപ്പം ഡെവാൾഡ് ബ്രെവിസിനെയാണ് രാജസ്ഥാൻ ആദ്യം ആവശ്യപ്പെട്ടതെങ്കിലും ചെന്നൈ സമ്മതിച്ചില്ല. 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ സഞ്ജുവിനേയും ചെന്നൈ ജഡേജയേയും നിലനിറുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |