
പനജി: ചെസ് ലോകകപ്പിൽ ലോക ചാമ്പ്യൻ ഡി. ഗുകേഷിന്റെ അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ, ഇന്ത്യൻ ചെസിലെ സൂപ്പർ താരങ്ങളായ വിദിത് സന്തോഷ് ഗുജറാത്തിക്കും എസ്.എൽ. നാരായണനും ടൈബ്രേക്കർ കളത്തിൽ കാലിടറി. അതേസമയം കാർത്തിക് വെങ്കിടരാമൻ നാലാം റൗണ്ടിലേക്ക് മുന്നേറിയത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസമായി.
റൊമേനിയൻ ഗ്രാൻഡ്മാസ്റ്റർ ബോഗ്ദാൻ-ഡാനിയേൽ ഡീക്കുമായി കടുത്ത പോരാട്ടം നടത്തിയാണ് കാർത്തിക് ടൈബ്രേക്കർ കടന്ന് നാലാം റൗണ്ടിലേക്ക് ചുവടുവച്ചത്.
അതേസമയം വിദിത്തിന് സാം ഷാങ്ക്ലാൻഡിന്റെ (യുഎസ്എ, എലോ റേറ്റിംഗ് 2649) പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.
2016-ൽ യു.എസ് ടീമിനൊപ്പം ചെസ് ഒളിമ്പ്യാഡ് സ്വർണം, 2014-ലെ ഒളിമ്പ്യാഡിൽ റിസർവ് ബോർഡിൽ വ്യക്തിഗത സ്വർണം, എന്നിവ നേടിയിട്ടുള്ള സാം ഷാങ്ക്ലാൻഡിന്റെ ഏറ്റവും ഉയർന്ന റേറ്റിംഗ് 2731 ആണ്. അത്യധികം സമ്മർദ്ദം നിറഞ്ഞ ടൈബ്രേക്കറിൽ ഷാങ്ക്ലാൻഡിന്റെ പരിചയസമ്പന്നതയും സ്ഥിരതയും വിദിത്തിനെതിരെ പ്രയോജനം ചെയ്തു.
കേരളത്തിന്റെ അഭിമാനമായ താരമായ ഗ്രാൻഡ്മാസ്റ്റർ എസ്.എൽ. നാരായണൻ ചൈനയുടെ സൂപ്പർ ജി.എം യു യാൻയിയുടെ ആക്രമണോത്സുകമായ നീക്കങ്ങൾക്ക് മുന്നിലാണ് കീഴടങ്ങിയത്. വേഗതയേറിയ റാപ്പിഡ് ടൈബ്രേക്കർ മത്സരങ്ങളിൽ, യു യാൻയി തൻ്റെ വെള്ളക്കരുക്കൾ ഉപയോഗിച്ച് നേടിയെടുത്ത വ്യക്തമായ മുൻതൂക്കം കളിയുടെ ഗതി നിർണയിച്ചു. നാരായണന്റെ ക്ലാസിക്കൽ പ്രതിരോധങ്ങൾ റാപ്പിഡ് ടൈമിൽ ഫലം കണ്ടില്ല.
2013-ലെ ലോക ജൂനിയർ ചാമ്പ്യൻ, 2014-ലെ ഖത്തർ മാസ്റ്റേഴ്സ് ഓപ്പൺ വിജയം (കാൾസനൊപ്പം), 2014-ലെ ഏഷ്യൻ കോണ്ടിനെന്റൽ ചാമ്പ്യൻ, 2019 ലോകകപ്പ് സെമിഫൈനലിസ്റ്റ്, എന്നീ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യു യാൻയിയുടെ ഉയർന്ന റേറ്റിംഗ് 2765 ആണ്.
കാർത്തിക് വെങ്കിടരാമനെ ഇന്ത്യയുടെ അർജുൻ എരിഗെയ്‌സി ആർ. പ്രഗ്നാനന്ദ, പി. ഹരികൃഷ്ണ , വി. പ്രണവ് എന്നിവരും നാലാം റൗണ്ടിൽ പ്രവേശിച്ചട്ടുണ്ട്.
നാലാം റൗണ്ടിൽ ഇങ്ങനെ
നാലാം റൗണ്ടിൽ അർജുൻ എരിഗെയ്‌സി പീറ്റർ ലീക്കോയെയും, പ്രഗ്നാനന്ദ ഡാനിൽ ഡുബോവിനെയും, പ്രണവ് നോഡിർബക്ക് യാക്കുബോവിനെയും ഹരികൃഷ്ണൻ നിൽസ് ഗ്രന്റെലിയസിനെയും കാർത്തിക് ലിം ക്വാങ്ങ് ലിയെയും നേരിടും.
നാലാം റൗണ്ട് മത്സരങ്ങൾ നാളെ വൈകിട്ട് 3ന് തുടങ്ങും.
(സീനിയർ നാഷണൽ അർബിറ്റർ & നാഷണൽ ഫെയർപ്ലേ എക്സ്പെർട്ട് അർബിറ്ററാണ്
ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |