
ബംഗളൂരു: സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ രണ്ട് പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സർക്കാർ ആശുപത്രിയാലാണ് സംഭവം.
ബംഗളൂരു ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവം നടന്ന ഉടനെ ബന്ധു ആശുപത്രി ജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ബംഗളൂരു സ്വദേശികളായ റാഫിയ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും അറസ്റ്റ് ചെയ്തു.
അസ്മ ബാനുവും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. അസ്മയുമായി സൗഹൃദത്തിലായ ശേഷം അമ്മ ശുചിമുറിയിൽ പോയ നേരത്ത് റാഫിയയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയും കുഞ്ഞിനെ എടുത്ത് പുറത്തേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന അസ്മയുടെ സഹോദരി സിമ്രാൻ സംഭവം കാണുകയും റാഫിയയെ തടഞ്ഞുനിർത്തി ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാർ ഇടപെട്ട് വിവരം പൊലീസിനെ അറിയിച്ചു. സിമ്രാന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് പ്രതികളുടെ ശ്രമം പരാജയപ്പെട്ടത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന്റെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |