
കോഴഞ്ചേരി : കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസിന്റെ ദളിത് മുഖവുമായ പി.സുജാത രാജിവച്ചു ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഷാളണിയിച്ച് സ്വീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ , ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി.നായർ , ജനറൽ സെക്രട്ടറി ബൈജു കോട്ട എന്നിവർ പങ്കെടുത്തു. കഴിഞ്ഞ രണ്ടര വർഷമായി പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജാത. കോൺഗ്രസ് അവഹേളിക്കുകയായിരുന്നുവെന്നും അവഗണനയിൽ മനംനൊന്താണ് രാജിവച്ചതെന്നും സുജാത പറഞ്ഞു. തുടർച്ചയായി പത്ത് വർഷമായി പഞ്ചായത്തംഗമായും രണ്ടര വർഷക്കാലം പ്രസിഡന്റായും പദവി നൽകിയിട്ടും പാർട്ടിയെ വഞ്ചിച്ച നടപടിയാണ് സുജാത സ്വീകരിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് : 6 എൽ.ഡി.ഫ് : 6, ബി.ജെ.പി : 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. സി പി ഐ അംഗമായ റെനിരാജു യു.ഡി.എഫ് പക്ഷം ചേർന്നതോടെ യു.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |