
കൊച്ചി: കേരളത്തിലെ ടൂറിസ്റ്റ് ബസുടമകൾ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നിറുത്തിവച്ചതോടെ യാത്രാദുരിതം കനത്തു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റെടുത്ത് ഓടുന്ന കേരളത്തിൽനിന്നുള്ള ബസുകൾ പിടിച്ചെടുത്ത് ഭീമമായ പിഴചുമത്തുന്ന തമിഴ്നാട്, കർണാടക സർക്കാരുകളുടെ നടപടികളിൽ പ്രതിഷേധിച്ചാണ് ലക്ഷ്വറിബസ് ഓണേഴ്സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6 മുതൽ സർവീസ് നിറുത്തിവച്ചത്.
സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് കർണാടക സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ കേരളത്തിലേക്കുള്ള സർവീസുകളും നിറുത്തിവച്ചു. കേരളത്തിലേക്കുള്ള തമിഴ്നാട് ടൂറിസ്റ്റ് ബസുകളുടെ സർവീസ് ദിവസങ്ങളായി നിലച്ചിരിക്കുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലും സമരം ശക്തമായതോടെ ട്രെയിനുകളും സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസുകളും മാത്രമാണ് യാത്രക്കാർക്ക് ആശ്രയം.
ഇന്നലെ സമരം ആരംഭിക്കുന്നതിനുമുമ്പ് തിരുവനന്തപുരം, എറണാകുളം ഭാഗങ്ങളിൽനിന്ന് നാല് ടൂറിസ്റ്റ് ബസുകളാണ് ബംഗളൂരുവിലേക്ക് പോയത്. ബാക്കിയുള്ള മുഴുവൻ അന്തർസംസ്ഥാന ബസുകളും സർവീസ് നിറുത്തിവച്ചതായി അസോസിയേഷൻ കേരള പ്രസിഡന്റ് എ.ജെ. റിജാസ് അറിയിച്ചു.
അതിനിടെ പ്രശ്നപരിഹാരത്തിനായി തമിഴ്നാട്ടിലെ അഞ്ച് ടൂറിസ്റ്റ് ബസ് അസോസിയേഷനുകൾ ശ്രമം തുടങ്ങി. തമിഴ്നാട് ഗതാഗതവകുപ്പ് മന്ത്രിയുമായി അസോസിയേഷനുകൾ കൂടിക്കാഴ്ച നടത്തുമെന്നാണ് കേരളത്തിലെ ഉടമകൾക്ക് കിട്ടിയ വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |