
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്കു സമീപത്തെ കാർ സ്‌ഫോടനത്തിനു പിന്നിൽ പാക് ഭീകര സംഘടനകളാണെന്ന സംശയം ബലപ്പെടുന്നതിനിടെ, വൻ ആസൂത്രണം നടന്നിട്ടുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ. ഡോക്‌ടർമാർ തുടങ്ങി ഉന്നത വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ ഉപയോഗിച്ചുള്ള 'വൈറ്റ് കോളർ' ഭീകരതയാണ് നടന്നത്. ഉത്തരവാദികളായ ഒരാളെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആർക്കും മാപ്പില്ലെന്നും എല്ലാം കണക്കുതീർത്ത് തിരിച്ചുനൽകുമെന്നുമുള്ള മുന്നറിയിപ്പാണ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇന്നലെ നൽകിയത്.
പാകിസ്ഥാൻ പോറ്റിവളർത്തുന്ന കാശ്മീർ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് നിഗമനം. ലഷ്കറും സംശയ നിഴലിലാണ്.
'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന എനിക്ക് മനസിലാകും. രാജ്യം അവർക്കൊപ്പമാണ്. ആസൂത്രണത്തിന്റെ അടിത്തട്ടുവരെ പോയി ഏജൻസികൾ അന്വേഷിക്കും"- ഭൂട്ടാനിലെ പരിപാടിയിൽ മോദി പറഞ്ഞു. ഉത്തരവാദികളെ വെറുതെ വിടില്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. അന്വേഷണത്തിലെ കണ്ടെത്തലുകൾ രാജ്യത്തെ അറിയിക്കും.
ഇന്ന് സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതി യോഗം ചേരും. കേന്ദ്ര മന്ത്രിസഭായോഗവും നടന്നേക്കും. കുറ്റവാളികളെ ജീവനോടെയോ അല്ലാതെയോ പിടിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. ഡൽഹി പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. എച്ച്.ആർ 26 സി.ഇ 7674 വെള്ള ഐ 20 ഹ്യൂണ്ടായ് കാറിലാണ് തിങ്കളാഴ്ച വൈകിട്ട് 6.52ന് സ്‌ഫോടനമുണ്ടായത്.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്രെടുത്തിട്ടില്ലാത്തതിനാൽ ഭീകരസംഘടനകളുടെ കൂട്ടായ്‌മ ഉണ്ടായിട്ടുണ്ടോയെന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഉഗ്ര സ്‌ഫോടനത്തിന് ഉപയോഗിച്ചത് അമോണിയം നൈട്രേറ്റ് ഫ്യുവൽ ഓയിലും ഡിറ്റണേറ്ററുകളുമാണ്. ഇത് ഭീകരസംഘടനകളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതാണ്. ഇന്ത്യ-പാക് അതിർത്തിയിൽ അതീവ ജാഗ്രത തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി തുടരുകയാണ്. ചികിത്സയിലുള്ള 20 പേരിൽ ആറുപേരുടെ നില ഗുരുതരം. കാറിന്റെ വില്പനയുമായി ബന്ധപ്പെട്ട് മൂന്നു പേരെ ചോദ്യം ചെയ്യുന്നു.
ഭീകരൻ ഡോ. ഉമർ നബി
കാറോടിച്ചിരുന്നത് പുൽവാമ സ്വദേശി 34കാരനായ ഡോ. ഉമർ നബിയാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. അയാൾ മാത്രമാണ് കാറിലുണ്ടായിരുന്നത് എന്നാണ് സൂചന. കറുപ്പും നീലയും കലർന്ന ടീ ഷർട്ടാണ് ധരിച്ചിരുന്നത്. കൃത്യമായി സ്ഥിരീകരിക്കാൻ ഉമറിന്റെ അമ്മയിൽ നിന്ന് ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച് ഡൽഹിയിലെത്തിച്ചു. അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു.
മാസ്‌ക് ധരിച്ച ഉമറിന്റെ 11 മണിക്കൂർ റൂട്ട് മാപ്പ്
1. രാവിലെ 7.30 - ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിക്കു മുന്നിൽ
2. രാവിലെ 8.13ന് - ബദർപൂർ ടോൾ പ്ലാസ വഴി കാർ ഡൽഹിയിൽ
3. രാവിലെ 8.20 - ഓഖ്ലയിലെ പെട്രോൾ പമ്പിൽ കയറി
4. ഉച്ചയ്‌ക്ക് 3.19 - ചെങ്കോട്ട കോംപ്ലക്‌സ് പാർക്കിംഗ് ഏരിയയിൽ
5. വൈകിട്ട് 6.22 - പാർക്കിംഗ് മേഖലയിൽ നിന്ന് പുറത്തേക്ക്
7. 6.52 - ചെങ്കോട്ടയ്‌ക്ക് സമീപം രാജ്യത്തെ നടുക്കി സ്‌ഫോടനം
10 ലക്ഷം നഷ്‌ടപരിഹാരം
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പൂർണമായും അംഗഭംഗം വന്നവർക്ക് 5 ലക്ഷവും, ഗുരുതരമായി പരിക്കേറ്രവർക്ക് 2 ലക്ഷവും ഉടൻ കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |