
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് പത്ത് മാനുകൾ ചത്ത സംഭവത്തിൽ ജീവനക്കാരുടെ വീഴ്ച ഉൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ. ജീവനക്കാർ വാതിൽ തുറന്നിട്ടോയെന്നത് പരിശോധിക്കുമെന്നും മരണകാരണം ക്യാപ്ചർ മയോപ്പതിയാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
നായ്ക്കൾ കടന്നതിലുണ്ടായ സമ്മർദ്ദം മരണത്തിലെത്തിച്ചു. സുരക്ഷാ പഴുതുകൾ പരിഹരിക്കുമെന്നും മാൻകൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാർശ നൽകുമെന്നും പിഴവ് ആവർത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഇന്നലെ വനംമന്ത്രി എ കെ ശശീന്ദ്രൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പാർക്കിൽ ആകെയുണ്ടായിരുന്ന 21 മാനുകളിൽ പത്തെണ്ണമാണ് ചത്തത്. തിങ്കളാഴ്ച ഒരു കേഴമാനിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും രണ്ട് നായ്ക്കളെയും പിടികൂടിയിരുന്നു. സംഭവത്തിൽ പാർക്കിലെ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പാർക്കിലേക്ക് തെരുവുനായ്ക്കൾ കടക്കാതിരിക്കാനുളള സജീകരണങ്ങളൊന്നും നടത്തിയിരുന്നില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ദിവസങ്ങളിൽ തുറന്നുകിടന്നിരുന്ന വഴിയിലൂടെയാകാം നായ്‌ക്കൾ എത്തിയതെന്ന് സംശയിക്കുന്നതായി പാർക്ക് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രദേശത്ത് തെരുവുനായ്‌ക്കളുടെ ശല്യം രൂക്ഷമാണ്. പാർക്കിനുസമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അടിയിലും വാഹനം നിർത്താനായി നിർമിച്ച ഷെഡുകളിലും തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഉദ്ഘാടനം ചെയ്തെങ്കിലും പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടില്ല. പാസ് അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും അതിഥികളെയും പ്രവേശിപ്പിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |