
ന്യൂഡൽഹി: രാജ്യത്തെ കയറ്റുമതി മത്സരശേഷി ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് എം.എസ്.എം.ഇകൾ, ആദ്യമായി കയറ്റുമതി ചെയ്യുന്നവർ, തൊഴിൽ കേന്ദ്രീകൃത മേഖലകൾ എന്നിവയ്‌ക്കായുള്ള എക്സ്പോർട്ട് പ്രൊമോഷൻ മിഷന് (ഇ.പി.എം) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. തുണിത്തരങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ, എൻജിനീയറിംഗ് ഉൽപ്പന്നങ്ങൾ, സമുദ്ര ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതിക്കായി ആറു വർഷത്തേക്ക് 25,060 കോടി രൂപ വകയിരുത്തി. 2025-26 ലെ കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. ആഗോള വെല്ലുവിളി മറികടന്ന് ഇന്ത്യൻ കയറ്റുമതി വർദ്ധിപ്പിക്കാൻ സമഗ്രവും,ഡിജിറ്റൽ അധിഷ്ഠിതവുമായ ചട്ടക്കൂട് തയ്യാറാക്കും. വാണിജ്യ വകുപ്പ്, എം.എസ്.എം.ഇ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ധനകാര്യ സ്ഥാപനങ്ങൾ, കയറ്റുമതി പ്രമോഷൻ കൗൺസിലുകൾ, കമ്മോഡിറ്റി ബോർഡുകൾ, വ്യവസായ അസോസിയേഷനുകൾ, സംസ്ഥാന സർക്കാരുകൾ എന്നിവയെ സഹകരിപ്പിച്ചാണ്
പ്രവർത്തനം.
ഉപ പദ്ധതികൾ:
□നിർയാത് പ്രോത്സാഹൻ: എം.എസ്.എം.ഇകൾക്കും മറ്റും ധനസഹായം ലഭ്യമാക്കൽ.
□നിർയാത് ദിശ: കയറ്റുമതി ഗുണനിലവാരം ഉറപ്പു വരുത്തൽ, അന്താരാഷ്ട്ര ബ്രാൻഡിംഗിനും പാക്കേജിംഗിനുമുള്ള സഹായം, വ്യാപാര മേളകളിലെ പങ്കാളിത്തം, കയറ്റുമതി, മത്സരശേഷി വർദ്ധിപ്പിക്കൽ
ലക്ഷ്യങ്ങൾ:
എം.എസ്.എം.ഇകൾക്ക് താങ്ങാവുന്ന ധനസഹായം ലഭ്യമാക്കുക,
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപണി പ്രവേശനവും ദൃശ്യപരതയും മെച്ചപ്പെടുത്തുക,
പാരമ്പര്യേതര മേഖലകളിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കുക,
ഉൽപ്പാദനം, ലോജിസ്റ്റിക്സ്, അനുബന്ധ സേവനങ്ങൾ എന്നിവയിൽ തൊഴിൽ സൃഷ്ടിക്കുക.
കയറ്റുമതിക്ക് വായ്പ ലഭ്യമാക്കാൻ പദ്ധതി
ന്യൂഡൽഹി: എം.എസ്.എം.ഇകൾ ഉൾപ്പെടെ കയറ്റുമതിക്കാർക്ക് 20,000 കോടി രൂപ വരെ അധിക വായ്പാ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള വായ്പാ ഗാരണ്ടി പദ്ധതിക്ക്(സി.ജി.എസ്.ഇ) കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (എൻ .സി .ജി .ടി .സി) വഴി ഫിനാൻഷ്യൽ സർവീസസ് വകുപ്പാണ് (ഡി .എഫ് .എസ്) പദ്ധതി നടപ്പാക്കുക. ഡി .എഫ് .എസ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള മാനേജ്മെന്റ് കമ്മിറ്റി പദ്ധതിക്ക് മേൽനോട്ടം വഹിക്കും. ഇന്ത്യൻ കയറ്റുമതിക്കാർക്ക് പണലഭ്യതയിലൂടെ സുഗമമായ ബിസിനസ്സ് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |