
ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്ററിലധികം ദൂരത്തായി ഒരു കെെപ്പത്തി കണ്ടെത്തി. ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്‌ലറ്റിന്റെ ടെറസിലാണ് കെെപ്പത്തി കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്ന മാർക്കറ്റാണിത്. ഇത്രയും ദൂരെ കെെപ്പത്തി തെറിച്ച് വീണോ എന്നുള്ളതാണ് ഇപ്പോൾ ഉയരുന്ന സംശയം. നാട്ടുകാരാണ് ഇത് ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അതേസമയം, ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബി ആണെന്ന് കണ്ടെത്തി. പൊട്ടിത്തെറിച്ച കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് ഉമറിന്റെ ഡിഎൻഎ തിരിച്ചറിഞ്ഞുവെന്നാണ് റിപ്പോർട്ട്. നേരത്തെ ഡിഎൻഎ പരിശോധനയ്ക്ക് ഉമറിന്റെ അമ്മയെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെളുത്ത നിറമുള്ള ഐ 20 ഹ്യുണ്ടായ് കാറാണ് പൊട്ടിത്തെറിച്ചത്. ഇതിൽ നിന്ന് അസ്ഥികളും പല്ലുകളും തുണികഷ്ണങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് ഡിഎൻഎ തിരിച്ചറിഞ്ഞത്.
നേരത്തെ ഉമർ കാർ ഓടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജമ്മു കാശ്‌മീരിലെ പുൽവാമ സ്വദേശിയാണ് ഉമർ. ഫരീദാബാദിലെ അൽ - ഫലാഹ് മെഡിക്കൽ കോളേജിൽ ഡോക്‌ടറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഉമറിന്റെ പിതാവ് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു. മാനസിക പ്രശ്‌നങ്ങൾ കാരണം ഇയാൾ വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതായും വിവരമുണ്ട്. വീട്ടിൽ രണ്ട് സഹോദരന്മാരും ഒരു മൂത്ത സഹോദരിയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |