
ന്യൂഡൽഹി: 13 പേർ കൊല്ലപ്പെട്ട ഡൽഹി കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ കണ്ടെത്തലുകൾ പുറത്ത്. 32 വാഹനങ്ങളിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഏകോപിത ഭീകരാക്രമണങ്ങൾ നടത്താൻ അക്രമികൾ പദ്ധതിയിട്ടിരുന്നതായി രഹസ്യാന്വേഷണ സംഘം കണ്ടെത്തി.
ഭീകരാക്രമണം നടത്തുന്നതിനായി രൂപമാറ്റം വരുത്തിയ ഹ്യൂണ്ടായി ഐ 20, ഫോർഡ് ഇക്കോ സ്‌പോർട്ട് എന്നീ കാറുകളെക്കുറിച്ചുള്ള വിവരങ്ങളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. അതിൽ ഹ്യൂണ്ടായി ഐ 20 കാറാണ് ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപം പൊട്ടിത്തെറിച്ചത്. ഫോർഡ് ഇക്കോസ്‌പോർട്ട് സ്‌ഫോടക വസ്‌തുക്കളുമായി പൊലീസ് സംഘം പിടികൂടിയിരുന്നു. വേറെയും വാഹനങ്ങൾ പദ്ധതിക്കായി തയ്യാറാക്കിയിട്ടുണ്ടോ എന്ന് അധികൃതർ അന്വേഷണം നടത്തുന്നതിനിടയിലാണ് പുതിയ കണ്ടെത്തൽ.
സ്‌ഫോടകവസ്‌തുക്കൾ നിറച്ച് ആക്രമണം നടത്താൻ 32 പഴയ വാഹനങ്ങൾ കൂടി രൂപമാറ്റം വരുത്തിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ നാല് ഇടങ്ങളിലായി രണ്ട് പേരടങ്ങുന്ന സംഘമായി തിരിഞ്ഞ് സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും രഹസ്യാന്വേഷണ ഏജൻസി പറയുന്നു.
ഒരേസമയം ആക്രമണം നടത്തുന്നതിനായി ഓരോ ഗ്രൂപ്പും ഒന്നിലധികം ഐഇഡി ബോംബുകളുമായി നീങ്ങാനാണ് പദ്ധതിയിട്ടിരുന്നതെന്ന് പ്രാഥമിക കണ്ടെത്തലിൽ പറയുന്നു. അതിനുള്ള തയ്യാറെടുപ്പുകൾക്ക് ഇടയിലാണ് സ്‌ഫോടക വസ്‌തുക്കളുമായി ഡോ.മുസമിൽ, ഡോ.അദീൽ, ഡോ.ഷഹീൻ എന്നിവർ അറസ്‌റ്റിലായത്. ഡോ. ഉമർ ഡൽഹി സ്‌ഫോടനത്തിൽ മരണപ്പെട്ടിരുന്നു. ഇവർക്ക് പുറമെ മറ്റാരൊക്കെ സംഘത്തിലുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |