
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയനിഴലിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്‌സിറ്റിയുടെ അക്രഡിറ്റേഷൻ വ്യാജമാണെന്ന് നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്). വെബ്‌സൈറ്റിൽ വ്യാജ അക്രഡിറ്റേഷൻ പ്രദർശിപ്പിച്ചതിന് യൂണിവേഴ്‌സിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അൽ ഫലാ യൂണിവേഴ്‌സിറ്റിക്ക് അംഗീകാരമില്ലെന്നും നാക് അംഗീകാരത്തിനായി അപേക്ഷിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു. അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള യൂണിവേഴ്‌സിറ്റിയുടെ അൽ ഫലാ സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ബ്രൗൺ ഹിൽ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, അൽ ഫലാ സ്‌കൂൾ ഒഫ് എജ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് എന്നിവയ്ക്ക് നാക് അംഗീകാരമുണ്ടെന്ന് വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ട്. ഈ വിവരങ്ങൾ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഏഴു ദിവസത്തിനകം മറുപടി നൽകണം. തൃപ്തികരമല്ലെങ്കിൽ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം റദ്ദാക്കാൻ യു.ജി.സിക്ക് ശുപാർശ ചെയ്യുമെന്നും നടപടിയെടുക്കാൻ ഹരിയാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും നോട്ടീസിൽ വ്യക്തമാക്കി. ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ച ഡോ. ഉമർ നബിയും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലും ഡോ. ഷഹീൻ സയീദും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്‌തിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |